പൗരന്മാരെ ഉപദ്രവിക്കുമ്പോള്‍ പൊട്ടി ചിരിക്കുന്നവര്‍ ഓര്‍ക്കുക ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കൊടിപിടിക്കുയാണ് നിങ്ങള്‍, ടി.എം കൃഷ്ണ
national news
പൗരന്മാരെ ഉപദ്രവിക്കുമ്പോള്‍ പൊട്ടി ചിരിക്കുന്നവര്‍ ഓര്‍ക്കുക ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കൊടിപിടിക്കുയാണ് നിങ്ങള്‍, ടി.എം കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 8:37 am

ന്യൂദല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ അറസ്റ്റലായ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ ദിഷ രവിയെ പിന്തുണച്ച് ഗായകന്‍ ടി.എം.കൃഷ്ണ.

”ഒരു തെളിവുമില്ലാതെ പൗരന്മാരെ അറസ്റ്റ് ചെയ്യുമ്പോഴും ഉപദ്രവിക്കുമ്പോഴും പൊട്ടിച്ചിരിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ ഇന്ത്യയുടെ സര്‍വ്വവാശത്തിന് സംഭാവന നല്‍കുകയാണ്. ഇതെല്ലാം ഓര്‍ത്ത് നിങ്ങള്‍ ഖേദിക്കുന്ന ഒരു ദിനം വരും. പക്ഷേ എല്ലാം പഴയപടിയാക്കുക എളുപ്പമായിരിക്കില്ല. നിങ്ങള്‍ക്ക് ഈ പോസ്റ്റിനെ പരിഹസിക്കാം. പക്ഷേ ഇതോര്‍ത്ത് വെച്ചോളൂ,”ടി.എം കൃഷ്ണ പറഞ്ഞു.

ബെംഗളുരുവിലെ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥിയും യുവ പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ടി.എം കൃഷ്ണയുടെ പ്രതികരണം.

ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, സിദ്ധാര്‍ത്ഥ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ചിദംബരത്തിന്റെ പ്രതികരണം

” മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ,” എന്നായിരുന്നു പി.ചിദംബരം ചോദിച്ചത്.

”ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണ്. ദില്ലി പൊലീസ് അടിച്ചമര്‍ത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്. ദിഷ രവിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തണം,” എന്നും ചിദംബരം ആവശ്യപ്പെട്ടു.

സിദ്ധാര്‍ത്ഥിന്റെ പ്രതികരണം

ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു

ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.

രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്‌ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

സാമൂഹി സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരും അറസ്റ്റിനെതിര രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. അന്തരാഷ്ട്ര തലത്തിലും വലിയ വിമര്‍ശനമാണ് ദിഷ രവിയുടെ അറസ്റ്റിനെതിരെ രൂപം കൊണ്ട് വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: T.M Krishna criticises Disha Ravi’s arrest