ബെംഗളൂരു: ആഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നീചമാണെന്ന് ടി.എം. കൃഷ്ണ പറഞ്ഞു.
വിഭജനസമയത്ത് കുടുംബം നഷ്ടപ്പെട്ടവരെ ഓര്‍ക്കുകയെന്നതല്ല ഈ ദിവസം കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം ഇത് വിഭജനത്തിന്റെ മുറിവ് തുറക്കാനും സാമുദായിക മൈത്രി തകര്‍ക്കാനുമല്ലാതെ ഗുണം ചെയ്യില്ലെന്നും ടി.എം. കൃഷ്ണ ട്വീറ്റ് ചെയ്തു.
ടി.എം. കൃഷ്ണയുടെ ട്വീറ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. ഈ ഓര്‍മ്മദിനത്തിലൂടെ ഇന്ത്യക്കാരുടെ മരണം മാത്രമാണ് മോദി ഓര്‍മ്മിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിഭജനത്തിന് തുടക്കമിട്ട ബ്രിട്ടീഷ് തന്ത്രത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളൊന്നും മോദിയുടെ അജണ്ടയിലില്ലെന്നുമാണ് കമന്റുകളില്‍ പറയുന്നത്.
അതേസമയം ഹിറ്റ്‌ലര്‍ നടത്തിയ ജൂതവംശഹത്യയായ ഹോളോകോസ്റ്റിന്റെ ഓര്‍മ ആചരിക്കുന്നത് പോലെ തന്നെ വിഭജനത്തിന്റെ ഓര്‍മയും ആചരിച്ചുകൂടെയെന്നാണ് ചിലര്‍ ഉന്നയിക്കുന്ന മറുവാദം. ആ ഭീതിയും ദുരന്തവും ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന സന്ദേശമല്ലേ ഇത് നല്‍കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കെുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു.
‘Partition Horrors Remembrance Day’
This is vile! It is not about remembering people who lost families to the partition, this is done to opening wounds and create communal hatred.
അതേസമയം മോദിയുടെ നിലപാടിനെതിരെ നിരവധി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. വിഭജനം ദൗര്‍ഭാഗ്യകരം തന്നെയാണെന്നും എന്നാല്‍ മോദിയുടെ പ്രഖ്യാപനം വിദ്വേഷവും വിഭജനവും വളര്‍ത്തുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ. ആന്റണി പ്രതികരിച്ചു.
മോദി വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വാദം. ഒരു വശത്ത് പ്രധാനമന്ത്രി പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിക്കുമ്പോള്‍, മറുവശത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാകിസ്ഥാനെ വിമര്‍ശിക്കുകയാണെന്നാണ് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്.