ദേശീയപാത ഭൂമി പ്രശ്‌നം: ടി.എല്‍ സന്തോഷ് കരുതല്‍ തടങ്കലില്‍
Kerala
ദേശീയപാത ഭൂമി പ്രശ്‌നം: ടി.എല്‍ സന്തോഷ് കരുതല്‍ തടങ്കലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2013, 4:27 pm

തളിക്കുളം: ദേശീയപാതാ സ്ഥലമെടുപ്പിനെതിരായി നടക്കുന്ന സമരത്തെ തുടര്‍ന്ന് ദേശീയപാത കുടിയിറക്ക്- സ്വകാര്യവത്കരണ വിരുദ്ധ സമിതി നേതാവ് ടി.എല്‍ സന്തോഷ് ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.[]

പ്രമുഖ കോളമിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ മോചിത മോഹനന്‍, ധര്‍മരത്‌നം, സതീഷ്, അഡ്വ. ഭഗത് സിങ്, പൂഴിക്കുന്നത്ത് ഷാജി തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിക മേഖല സി.പി.എം സെക്രട്ടറി കൂടിയായ ടി.എല്‍ സന്തോഷിനെ വ്യാഴായ്ച്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം കാളമുറിയല്‍ പ്രദേശത്ത് പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് അളവ് നടത്തിയ ദേശീയപാത ഉദ്യോഗസ്ഥരെ ടി.എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച്ച തടഞ്ഞിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച്ച ജാമ്യത്തിലിറങ്ങിയ ടി.എല്‍ സന്തോഷിനെ ഇന്ന് രാവിലെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സന്തോഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി തളിക്കുളത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ദേശീയപാത 17 നാല് വരിപ്പാതയാക്കുന്നതിന് വേണ്ടി പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനായി പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം എട്ടു വയസ്സുള്ള കുട്ടിയടക്കം 10 പേരെയാണ് പോലീസ് അറസ്റ്റ്് ചെയ്തത്.