കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി പറഞ്ഞിട്ടെന്ന് അറസ്റ്റിലായ ടി.കെ രജീഷ്. പണത്തിന് വേണ്ടിയല്ല കൊല നടത്തിയതെന്നും രജീഷ് മൊഴി നല്‍കി. പോലീസ് ചോദ്യം ചെയ്യലിനിടെയാണ് രജീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല. കിര്‍മാണി മനോജ്, അനൂപ് എന്നിവരാണ് തന്നെ ബന്ധപ്പെട്ടത്.
സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കെ.പി കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നാണ് മനോജ് തന്നെ വിളിച്ചതെന്നും രജീഷ് പോലീസിനോട് പറഞ്ഞു. കിര്‍മാണി മനോജാണ് കൊലപാതകത്തിന്റെ മുഖ്യകണ്ണിയെന്ന് രജീഷ് പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കൊലപാതകം നടപ്പാക്കാനാണ് തന്നെ വിളിച്ചുവരുത്തിയത്. കൊല നടത്താനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. അതിനായുള്ള ആദ്യഘട്ട ആസൂത്രണം പൂര്‍ത്തിയായതിനുശേഷമാണ് തന്നെ വിളിച്ചത്. കൊല എങ്ങനെ നടത്താം എന്ന ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനായി കൊടി സുനി ഉള്‍പ്പെടെയുള്‍പ്പെടെയുള്ളവരെ ഏകോപിപ്പിച്ചത് താനാണെന്നും രജീഷ് മൊഴി നല്‍കി.
കണ്ണൂരിലെ നാല് കൊലപാതകങ്ങളില്‍ താന്‍ കണ്ണിയായിരുന്നെന്ന് രജീഷ് പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ബി.ജെ.പി. നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ വെട്ടിക്കൊന്ന സംഭവം ഇതിലുള്‍പ്പെടുന്നുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.
കൊലപാതകത്തിനുശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍മേഖലയിലെ രത്‌നഗിരിയില്‍ നിന്നാണ് തലശ്ശേരി ഡി.വൈ.എസ്.പി. എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കേസന്വേഷണം ഉയര്‍ന്ന പാര്‍ട്ടി നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന.
സി.പി.ഐ.എമ്മിനുവേണ്ടി 1999 മുതല്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന ആരോപണം രജീഷിനെതിരെയുണ്ട്.
എന്നാല്‍, ഇന്നുവരെ ഒരു കേസിലും രജീഷ് പിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രജീഷിന്റെ പേര് പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നില്ല.