ജയകൃഷ്ണന്‍ വധക്കേസില്‍ പിടിയിലായത് പാര്‍ട്ടി നല്‍കിയ പ്രതികളെന്ന് രജീഷ്
Kerala
ജയകൃഷ്ണന്‍ വധക്കേസില്‍ പിടിയിലായത് പാര്‍ട്ടി നല്‍കിയ പ്രതികളെന്ന് രജീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th June 2012, 11:19 am

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലചെയ്ത കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും സി.പി.ഐ.എം നല്‍കിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ടി.കെ രജീഷ്.

പോലീസ് ചോദ്യം ചെയ്യലിനിടെയാണ് രജീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതികളെ നല്‍കിയത് പാര്‍ട്ടിയാണ്. അച്ചാരുപറമ്പത്ത് പ്രദീപന്‍മാത്രമായിരുന്നു ആ സംഘത്തില്‍ ഉണ്ടായിരുന്നത്.

ബാക്കിയൊന്നും യഥാര്‍ത്ഥ പ്രതികളല്ല. യഥാര്‍ത്ഥ പ്രതികള്‍ താനുള്‍പ്പെടെയുള്ളവരാണെന്നും രജീഷ് മൊഴിയില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നല്‍കിയ ലിസ്റ്റ് പ്രകാരമാണ് പ്രതികളെ പിടികൂടിയതെന്നും രജീഷ് പറഞ്ഞു.

ഒരു പ്രമുഖ നേതാവിന്റെ തീരുമാനമനുസരിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നും ഈ നേതാവിന്റെ അടുത്ത സഹായിയാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും രജീഷ് വെളിപ്പെടുത്തി.

മൊത്തം ഏഴ് പ്രതികളായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചു പേര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. തലശേരി അതിവേഗ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും ശരിവച്ചെങ്കിലും സുപ്രീംകോടതി രണ്ടു മുതല്‍ നാലു പ്രതികളെ വെറുതെ വിടുകയും ഒന്നാം പ്രതി അച്ചാരുപറമ്പില്‍ പ്രദീപിനെ മാത്രം ശിക്ഷിക്കുകയും ചെയ്തു. പ്രദീപിന്റെ ശിക്ഷ കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

1999 ഡിസംബര്‍ ഒന്നിനാണ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ സ്‌കൂളില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ക്രൂരമായി അക്രമികള്‍ കൊലപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് എസ്.പി സോമസുന്ദരത്തിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി രാമരാജന്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്.