| Wednesday, 8th January 2025, 1:30 pm

കായലിലേക്ക് ചാടിയ മഞ്ജു പിന്നെ പൊങ്ങിയില്ല, രക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കള്ളം പറഞ്ഞതെന്ന് പിന്നെ മഞ്ജു പറഞ്ഞു: ടി.കെ. രാജീവ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ ഭദ്ര എന്ന വേഷം. ദേശീയ അവാർഡിൽ മഞ്ജുവിന് പ്രത്യേക പരാമർശം നേടി കൊടുത്ത സിനിമ സംവിധാനം ചെയ്തത് ടി.കെ.രാജീവ് കുമാറായിരുന്നു.

സിനിമയിൽ മഞ്ജു കായലിലേക്ക് ചാടുന്ന ഒരു രംഗമുണ്ടായിരുന്നു. ആ ഷോട്ടിനായി ഡ്യൂപ്പിനെ റെഡിയാക്കിയപ്പോൾ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി താൻ തന്നെ കായലിലേക്ക് ചാടാമെന്നും തനിക്ക് നീന്തൽ അറിയാമെന്ന് മഞ്ജു കള്ളം പറഞ്ഞെന്നും ടി.കെ.രാജീവ് കുമാർ പറയുന്നു. ചില മുൻകരുതലുകൾ എടുത്താണ് താൻ ആ രംഗം ഷൂട്ട് ചെയ്തതെന്നും വെള്ളത്തിലേക്ക് ചാടിയ മഞ്ജു കുറച്ച് നേരത്തേക്ക് പൊങ്ങിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ ലൈറ്റ് ബോയ്‌സ് മഞ്ജുവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചെന്നും അപ്പോഴാണ് നീന്തൽ അറിയാത്ത കാര്യം മഞ്ജു പറഞ്ഞതെന്നും ടി.കെ.രാജീവ് കുമാർ കൂട്ടിച്ചേർത്തു.

‘കായലിന് നല്ല ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആ രംഗം ഡ്യൂപ്പിനെവെച്ച് എടുക്കാമെന്ന് ഞങ്ങൾ തിരുമാനിച്ചു. മഞ്ജു‌വിൻ്റെ അതേ കോസ്റ്റ്യൂമിലുള്ള ഡ്യൂപ്പിനെ റെഡിയാക്കി നിർത്തുകയും ചെയ്‌തു. ഷൂട്ടിനായി മഞ്ജു വരുമ്പോൾ ആദ്യം കണ്ടത് ഈ ഡ്യൂപ്പിനെയാണ്. അവരെക്കണ്ട് മഞ്ജുവിന്റെ മുഖം മാറി.

മഞ്ജു നേരെ വന്ന് എന്നോട് അല്പം ദേഷ്യത്തോടെ ചോദിച്ചു, രാജുവേട്ടാ എൻ്റെ വേഷവും ധരിച്ച് ആരാ അവിടെ നിൽക്കുന്നത്. കായലിൽ അടിയൊഴുക്കുള്ളതു കൊണ്ട് ഡ്യൂപ്പിനെ റെഡിയാക്കിയതാണ് എന്ന് ഞാൻ പറഞ്ഞു. ഡ്യൂപ്പിൻ്റെ ആവശ്യമില്ല ഞാൻ ചാടിക്കോളാം എന്നായി മഞ്ജു. നീന്തലറിയാമോ? എന്ന് ചോദിച്ചപ്പോൾ അറിയാമെന്നും കായലിലേക്ക് ചാടാമെന്നും പറഞ്ഞ് മഞ്ജു കുട്ടികളെപ്പോലെ വാശി പിടിച്ചു.

കണ്ണെഴുതി പൊട്ടുംകുത്തി എന്ന സിനിമയിലെ ഒരു രംഗം

സംവിധായകൻ എന്ന നിലയിൽ ഞാൻ ചില മുൻകരുതലുകൾ എടുത്തു. ലൈറ്റ് ബോയ്‌സിൽ നീന്തലറിയാവുന്ന ചിലരോട് ഷോട്ട് വരുമ്പോൾ കായലിലേക്കിറങ്ങി മുങ്ങാംകുഴിയിട്ട് നിൽക്കണമെന്ന് പറഞ്ഞു. മഞ്ജുവിൻ്റെ സുരക്ഷയായിരുന്നു പ്രധാനം.

ഞാൻ ആക്ഷൻ പറഞ്ഞതും യാതൊരു കൂസലുമില്ലാതെ മഞ്ജു കായലിലേക്ക് എടുത്തുചാടി. കുറച്ചുസമയത്തേക്ക് മഞ്ജു‌ പൊങ്ങി വന്നില്ല. പിന്നീട് കാണുന്നത് മുങ്ങിക്കിടന്നിരുന്ന ആറേഴ് ലൈറ്റ് ബോയ്‌സ് മഞ്ജുവിനെ പിടിച്ച് കരയിലേക്ക് കൊണ്ടുവരുന്നതാണ്. സത്യത്തിൽ മഞ്ജുവിന് നീന്തലറിയില്ലായിരുന്നു. ലൈറ്റ് ബോയ്‌സിനെ മുൻകൂട്ടി നിർത്തിയതുകൊണ്ട് മാത്രമാണ് മഞ്ജുവിനെ തിരിച്ചുകിട്ടിയത്.

മഞ്ജുവിനോട് എന്തിനാണ് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ആരെങ്കിലും എന്നെ രക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു എന്ന് ചിരിച്ചുകൊണ്ട് അവർ മറുപടി നൽകി.

അത്രമാത്രം കഥാപാത്രത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് മഞ്ജു.

വേണമെങ്കിൽ ഡ്യൂപ്പിനെവെച്ച് ചെയ്യാം. പക്ഷേ, അത് തന്റെ കഥാപാത്രത്തെ ബാധിക്കുമെന്ന് മനസിലാക്കി ആ പ്രായത്തിൽ എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള മഞ്ജുവിൻ്റെ കഴിവിനെ നമിക്കാതെ വയ്യ,’ടി.കെ.രാജീവ് കുമാർ പറയുന്നു.

Content Highlight: T.k.Rajeev Kumar Shares Memories Of Kannezuthi Pottum Thott Movie

We use cookies to give you the best possible experience. Learn more