മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.
മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ ഭദ്ര എന്ന വേഷം. ദേശീയ അവാർഡിൽ മഞ്ജുവിന് പ്രത്യേക പരാമർശം നേടി കൊടുത്ത സിനിമ സംവിധാനം ചെയ്തത് ടി.കെ.രാജീവ് കുമാറായിരുന്നു. സിനിമയുടെ കഥ മഞ്ജു വാര്യരോട് പറയാൻ പോയ അനുഭവം പറയുകയാണ് അദ്ദേഹം.
മഞ്ജു ആ സിനിമയോട് നോ പറഞ്ഞിരുന്നുവെങ്കിൽ ആ ചിത്രം സംഭവിക്കില്ലായിരുന്നുവെന്നും സിനിമയുടെ കഥ കേൾക്കുമ്പോൾ മഞ്ജുവിന്റെ രക്ഷിതാക്കളുടെ മുഖം മാറുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഴുവൻ കഥ കേട്ട ശേഷം മഞ്ജു വാര്യർ, സിനിമയിൽ നഗ്നതയുണ്ടോ എന്നാണ് ചോദിച്ചതെന്നും അതില്ലെന്നറിഞ്ഞപ്പോൾ മഞ്ജു സിനിമ ചെയ്യാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
‘തിരക്കഥയെഴുതിക്കഴിഞ്ഞപ്പോൾ ഞങ്ങൾ മഞ്ജുവിൻ്റെ വീട്ടിലേക്ക് തിരിച്ചു. മഞ്ജുവാര്യർ എന്ന ഒറ്റ നടിയിൽ പ്രതീക്ഷയർപ്പിച്ചാണ് ഞങ്ങൾ സിനിമയുടെ പ്രാരംഭഘട്ട ജോലികൾ തുടങ്ങിയത്. മഞ്ജു നോ പറഞ്ഞാൽ പിന്നെ സിനിമയില്ല. അച്ഛന്റെയും അമ്മയുടെയും മുന്നിൽവെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോൾ മഞ്ജുവിന്റെ അച്ഛൻ്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത്
എന്ന് നേരത്തെ മനസ്സിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടു പോയി.
കഥ കേട്ട് മഞ്ജു എന്നോട് ആകെ ഒരു ചോദ്യമേ ചോദിച്ചുള്ളൂ. ‘ചേട്ടാ ഈ സിനിമയിൽ നഗ്നതയുണ്ടോ?’ ‘ഇല്ല’ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ സന്തോഷത്തോടെ, ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാൻ സമ്മതം മൂളി.
ആ പ്രായത്തിൽ ഇത്തരത്തിലൊരു കഥ കേൾക്കുമ്പോൾ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉൾക്കാഴ്ച മഞ്ജുവിനുണ്ട്.
അതെന്നെ അത്ഭുതപ്പെടുത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞാനുദ്ദേശിച്ചതിനെക്കാൾ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്,’ടി.കെ.രാജീവ് കുമാർ പറയുന്നു.
Content Highlight: T.K.Rajeev Kumar About Manju Warrior