മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.
കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ ആലോചിക്കുമ്പോൾ ആരെ നായികയാക്കുമെന്ന് തനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും നടൻ മണിയൻപിള്ള രാജുവാണ് അന്ന് മഞ്ജു വാര്യരുടെ പേര് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ലേഡി മോഹൻലാൽ എന്നാണ് മണിയൻപിള്ള രാജു മഞ്ജുവിനെ വിശേഷിപ്പിച്ചതെന്നും പിന്നീട് തിരക്കഥ പൂർത്തിയായ ശേഷം മുഴുവൻ കഥ കേട്ടപ്പോൾ മഞ്ജു വാര്യർ, സിനിമയിൽ നഗ്നതയുണ്ടോ എന്നാണ് ചോദിച്ചതെന്നും അതില്ലെന്നറിഞ്ഞപ്പോൾ മഞ്ജു സിനിമ ചെയ്യാൻ തയ്യാറായെന്നും ടി.കെ.രാജീവ് കുമാർ കൂട്ടിച്ചേർത്തു.
‘എന്റെ ആദ്യ ചിത്രം ചാണക്യൻ 1989-ലാണ് പുറത്തിറങ്ങുന്നത്. അതിന് പിന്നാലെയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്റെ മനസിൽ ജനിക്കുന്നത്. അത് സിനിമയാക്കാനായി ഏറെ ശ്രമിച്ചെങ്കിലും മികച്ച അഭിനേതാക്കളുടെ പോരായ്‌മയായിരുന്നു നേരിട്ട വെല്ലുവിളി. നായികാവേഷം ആരു ചെയ്യുമെന്ന വലിയ ആശങ്ക ഉണ്ടായിരുന്നു. പറ്റിയ അഭിനേത്രിയെ കണ്ടെത്താൻ പറ്റാഞ്ഞതോടെ സിനിമ നീണ്ടുപോയി.
പിന്നീട് വർഷങ്ങൾക്കുശേഷം 1999ൽ ട്രിവാൻഡ്രം ക്ലബ്ബിൽ വെച്ച് ഒരുദിവസം മണിയൻപിള്ള രാജുവിനെ കണ്ടുമുട്ടി. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ അദ്ദേഹം ഒരു കാര്യം പറഞ്ഞു. മലയാളത്തിൽ ഇപ്പോൾ ഒരു ലേഡി മോഹൻലാൽ ഉണ്ട്. മഞ്ജു വാര്യർ. അവർക്ക് പറ്റിയ വല്ല കഥയും ഉണ്ടോ? രാജുച്ചേട്ടന്റെ ചോദ്യത്തിന്റെ ഉത്തരമായി എൻ്റെ മനസിലേക്ക് കയറിവന്നത് ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ലെ നായികയായ ഗൗരിയാണ്.
ഞാനപ്പോൾത്തന്നെ സിനിമയുടെ കഥ പറഞ്ഞു. ‘നമ്മളീ സിനിമ ചെയ്യുന്നു’ എന്നായിരുന്നു രാജുച്ചേട്ടൻ പിന്നാലെ പറഞ്ഞത്. തിരക്കഥയെഴുതിക്കഴിഞ്ഞപ്പോൾ ഞങ്ങൾ മഞ്ജുവിന്റെ വീട്ടിലേക്ക് തിരിച്ചു. മഞ്ജു വാര്യർ എന്ന ഒറ്റ നടിയിൽ പ്രതീക്ഷയർപ്പിച്ചാണ് ഞങ്ങൾ സിനിമയുടെ പ്രാരംഭഘട്ട ജോലികൾ തുടങ്ങിയത്. മഞ്ജു നോ പറഞ്ഞാൽ പിന്നെ സിനിമയില്ല.
അച്ഛന്റെയും അമ്മയുടെയും മുന്നിൽവെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോൾ മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടു പോയി.
കഥ കേട്ട് മഞ്ജു എന്നോട് ആകെ ഒരു ചോദ്യമേ ചോദിച്ചുള്ളൂ. ‘ചേട്ടാ ഈ സിനിമയിൽ നഗ്നതയുണ്ടോ?’ ‘ഇല്ല’ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ സന്തോഷത്തോടെ, ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാൻ സമ്മതം മൂളി,’ടി.കെ.രാജീവ് കുമാർ പറയുന്നു.
Content Highlight: T.K.Rajeev Kumar About Acting Skill Of Manju Warrior