കോഴിക്കോട്: പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ടെന്ന മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേരുകയും ചെയ്ത കെ.പി. അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ ടി.ജെ. വിനോദ് എം.എല്‍.എ.
സുധാകരന്റെ നിഴല്‍ കണ്ടപ്പോള്‍ തന്നെ പേടിച്ചു പാര്‍ട്ടി വിട്ടോടിയവനാണ് കെ.പി. അനില്‍കുമാറെന്ന് അദ്ദേഹം പരിഹസിച്ചു.
‘അനിലേ… വല്ലവരുടെയും തണലില്‍ കുരയ്ക്കന്‍ നിലപാടില്ലാത്ത ആര്‍ക്കും പറ്റും. ആവേശത്തില്‍ മൈക്ക് പിടിച്ചു വെല്ലുവിളിക്കാനല്ലാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിഴല്‍ കണ്ടപ്പോള്‍ തന്നെ പേടിച്ചു പാര്‍ട്ടി വിട്ടോടിയവര്‍ക്ക് വേറെന്ത് ചെയ്യാന്‍ പറ്റും,’ ടി.ജെ. വിനോദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്നായിരുന്നു കെ.പി. അനില്‍കുമാറിന്റെ പ്രതികരണം.
തന്റെ കുട്ടികള്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നുമുള്ള സുധാകരന്റെ വാക്കുകള്‍ക്ക് മറുപടിയാട്ടായിരുന്നു അനില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു കാര്യം ഞാന്‍ സുധാകരനോട് പറയാന്‍ ആഗ്രഹിക്കുന്നു. സുധാകരന്‍ പറയുന്നു എന്റെ കുട്ടികളെ ഞാന്‍ അയച്ചു. ആര്‍ക്കെതിരെ, എസ്.എഫ്.ഐക്കാരനെ കുത്തി മലര്‍ത്താന്‍.
സുധാകരാ, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെപ്പൊലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം.
കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കില്‍, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം,’ എന്നായിരുന്നു അനില്‍ കുമാര്‍ പറഞ്ഞിരുന്നത്.
കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്, എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: T.J. Vinod MLA opposes K.P. Anil Kumar’s statement