| Monday, 31st December 2012, 1:06 pm

സി.എം.പിക്ക് എല്‍.ഡി.എഫിലേക്ക് സ്വാഗതം: ടി.ജെ ചന്ദ്രചൂഢന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.എം.പിയെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് ആര്‍എസ്പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍. പക്ഷേ ഇതിനായി സി.എം.പി തെറ്റുകള്‍ തിരുത്തണമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.[]

സി.എം.പി, സി.പി.ഐയില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് ചന്ദ്രചൂഢന്റെ അഭിപ്രായം. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലയനവാര്‍ത്ത സിഎംപി നേതാവ് എം.വി രാഘവന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സി.എം.പിയിലെ ഒരു വിഭാഗം സി.പി.ഐയില്‍ ചേരാന്‍ പോകുന്നതായി ഇപ്പോഴും വാര്‍ത്തകളുണ്ട്.

സി.എം.പി സംസ്ഥാന സെക്രട്ടറി എം.വി.രാഘവന്‍ സി.പി.ഐ നേതാവ് കാനം രാജേന്ദ്രനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐയും സി.എം.പിയും തമ്മില്‍ രാഷ്ട്രീയ ഐക്യത്തിന് വഴിയൊരുങ്ങുന്നതാവും ചര്‍ച്ചയെന്ന് സൂചനയുണ്ടായിരുന്നു.

എന്നാല്‍ സി.പി.ഐ സി.എം.പി ലയനമെന്ന ലക്ഷ്യം തല്‍ക്കാലം മുന്നിലില്ലെന്ന് നേതാക്കള്‍ പറഞ്ഞു.  കാനം രാജേന്ദ്രനുമായി സംസാരിച്ചെന്നും എന്നാല്‍ സി.പി.ഐ സി.എം.പി ലയനം ഇപ്പോള്‍ ആവശ്യമില്ലെന്നും എം.വി.ആര്‍ പറഞ്ഞു.

യു.ഡി.എഫുമായി പ്രശ്‌നങ്ങളുണ്ടെന്നതിന്റെ അര്‍ത്ഥം എല്‍.ഡി.എഫിലേക്ക് ചേക്കേറുകയെന്നല്ലെന്നും എം.വി.ആര്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ സി.എം.പി അവഗണന നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

We use cookies to give you the best possible experience. Learn more