| Friday, 2nd February 2024, 5:11 pm

ഞാന്‍ അഭിനയിക്കാത്ത രംഗം ബെഡ്‌റൂം സീനില്‍ ഉള്‍പ്പെടുത്തിയതിന് ആ സംവിധായകനെ തല്ലേണ്ടി വന്നു: ടി.ജി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1970കളിലും 1980കളിലും ബാലന്‍ കെ. നായര്‍ക്കൊപ്പം മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് ടി.ജി. രവി. താന്‍ അഭിനയിക്കാത്ത സീനുകള്‍ ഡയറക്ടര്‍ ഒരു സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ആ സിനിമ കാണാനായി ഭാര്യയോടൊപ്പം തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും പിന്നീട് ഒരു സ്റ്റുഡിയോയില്‍ വെച്ച് കണ്ടപ്പോള്‍ താന്‍ അയാളെ തല്ലിയതിനെ പറ്റിയും ടി.ജി. രവി പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരിക്കല്‍ ഞാനും എന്റെ ഭാര്യയും കൂടെ സിനിമ കാണാന്‍ പോയി. ഞാന്‍ അതില്‍ ഒരു ബെഡ്‌റൂം സീന്‍ അഭിനയിച്ചിരുന്നു. അത് അഭിനയിക്കുമ്പോള്‍ സീന്‍ കട്ട് ചെയ്ത് മറ്റൊരു സീനിലേക്ക് പോകുകയാണ് ചെയ്തത്. അല്ലാതെ ഡീറ്റെയില്‍ഡ് ആയ ബെഡ്റൂം സീന്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ സിനിമ കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് വളരെ ഡീറ്റെയില്‍ഡായ സീനുകള്‍ കാണുന്നത്. ഞാന്‍ അഭിനയിക്കാത്തത് പോലും അതില്‍ ഉണ്ടായിരുന്നു. അന്ന് എന്റെ ഭാര്യ കരഞ്ഞു. അതില്‍ എനിക്ക് വളരെ സങ്കടമായി. വേറെ നിവര്‍ത്തിയില്ലാതെ അന്ന് തിയേറ്ററില്‍ നിന്നിറങ്ങി വന്നു.

അന്നായിരുന്നു ആദ്യമായും അവസാനമായും ഞാന്‍ അഭിനയിച്ച സിനിമ കണ്ട് എന്റെ ഭാര്യ കരയുന്നത്. അങ്ങനെ ഒരു സീനില്‍ അഭിനയിച്ചത് ഞാന്‍ അല്ലെന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും ആളുകളുടെ മുന്നില്‍ ഇങ്ങനെ ഒരു സീന്‍ കാണുമ്പോള്‍ ഉള്ള പ്രയാസമായിരുന്നു അവള്‍ക്ക്.

അതെന്റെ മനസില്‍ അങ്ങനെ കിടപ്പുണ്ട്. ഒരു വേദനയായും വൈരാഗ്യമായും കിടക്കുകയാണ്. അങ്ങനെ ഒരിക്കല്‍ മദിരാശിയില്‍ വെച്ചിട്ട് ഈ സിനിമയുടെ ഡയറക്ടറിനെ കണ്ടു. ആള്‍ ഒരു പടം മാത്രമേ ചെയ്തിട്ടുള്ളൂ. പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചാണ് കണ്ടത്.

അന്ന് അയാളോട് സിനിമയുടെ കഥയൊക്കെ പറഞ്ഞുകൊണ്ട് ഒരു കോര്‍ണറില്‍ എത്തിയപ്പോള്‍ ഒറ്റ അടിയങ്ങ് വെച്ചുകൊടുത്തു. ‘ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല തനിക്കാണ് ദോഷം. താന്‍ എന്ത് ചെയ്തിട്ടാണ് തല്ലിയതെന്ന് മനസിലായില്ലേ’ എന്ന് ഞാന്‍ ചോദിച്ചു,’ ടി.ജി. രവി പറയുന്നു.


Content Highlight: T G Ravi talks about slapping the director for including a scene in which he did not act

We use cookies to give you the best possible experience. Learn more