|

പഴയ കുറുപ്പും പുതിയ കുറുപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണ്: ടി.ജി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ല്‍ പുറത്തുവന്ന എന്‍.എച്ച് 47 എന്ന ചിത്രത്തില്‍ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പായി അഭിനയിച്ചത് ടി.ജി രവി ആയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ദുല്‍ഖര്‍ സല്‍മാനും കുറുപ്പായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ പഴയ കുറുപ്പായി അഭിനയിച്ച ടി.ജി രവി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പായുള്ള അഭിനയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ്.

സിനിമ അവശ്യപ്പെടുന്ന രീതിയില്‍ പെര്‍ഫക്ട് ആയി തന്നെ ദുല്‍ഖര്‍ ചെയ്തിട്ടുണ്ടെന്നാണ് ടി.ജി രവി പറയുന്നത്. താന്‍ ചെയ്തത് അന്നത്തെ കാലത്തിന് ആവശ്യമുള്ളതാണെന്നും ദുല്‍ഖര്‍ ചെയ്തത് ഇപ്പോഴത്തെ കാലത്തിന് ആവശ്യമുള്ളതാണെന്നും ടി.ജി രവി പറയുന്നു.

പോപ്പര്‍ സ്റ്റോപ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടി.ജി രവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇപ്പോഴുള്ള അഭിനയത്തിന്റെ ശൈലി തന്നെ വ്യത്യസ്തമാണ്, ദുല്‍ഖര്‍ ആ കഥാപാത്രം പെര്‍ഫക്ട് ആയി ചെയ്തു എന്നാണ് എന്റെ അഭിപ്രായം. ഇനിയും അതിന്റെ രണ്ടാം ഭാഗം വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്‍.എച്ച് 47 കുറച്ച് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അതില്‍ അങ്ങനെ കൂടുതല്‍ ഒന്നുമില്ല, കുറുപ്പ് വലിയ ക്യാന്‍വാസില്‍ ഉള്ള സിനിമയല്ലേ. ഇത് രണ്ടും താരതമ്യം ചെയ്യാന്‍ കഴിയിലല്ലോ,’ ടി.ജി രവി പറയുന്നു.

ചിലര്‍ തന്നോട് പഴയ കുറുപ്പും പുതിയ കുറുപ്പും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിക്കുമെന്നും എന്നാല്‍ പലരുടെയും ഉദ്ദേശം വിവാദം ഉണ്ടാക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോഴും മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും ടി.ജി രവി പറയുന്നുണ്ട്.

Content Highlight: T.g Ravi shares his opinion about dulquer salman’s kurup