മലയാള സിനിമയില്‍ ഒരുക്കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ടി.ജി. രവി. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമ കാണാനായി ഭാര്യയോടൊപ്പം തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ടി.ജി. രവി.
ഒരിക്കല്‍ താനും ഭാര്യയും ഒരുമിച്ച് തന്റെ സിനിമ കാണാന്‍ പോയെന്നും അതില്‍ ഡയറക്ടര്‍ ബെഡ്‌റൂം സീനില്‍ താന്‍ അഭിനയിക്കാത്ത സീന്‍ ഉള്‍പ്പെടുത്തിയത് അപ്പോഴാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. അന്ന് ഭാര്യ അതുകണ്ട് കരഞ്ഞുവെന്നും അതില്‍ തനിക്ക് വളരെ വിഷമമായെന്നും ടി.ജി. രവി പറഞ്ഞു.
ആദ്യമായും അവസാനമായും തന്റെ സിനിമ കണ്ട് ഭാര്യ കരയുന്നത് ആ ദിവസമായിരുന്നെന്നും വേറെ നിവര്‍ത്തിയില്ലാതെ അന്ന് തിയേറ്ററില്‍ നിന്നിറങ്ങി വന്നുവെന്നും താരം പറയുന്നു.
‘ഒരിക്കല്‍ ഞാനും എന്റെ ഭാര്യയും കൂടെ സിനിമ കാണാന്‍ പോയി. ഞാന്‍ അതില്‍ ഒരു ബെഡ്റൂം സീന്‍ അഭിനയിച്ചിരുന്നു. അത് അഭിനയിക്കുമ്പോള്‍ സീന്‍ കട്ട് ചെയ്ത് മറ്റൊരു സീനിലേക്ക് പോകുകയാണ് ചെയ്തത്. അല്ലാതെ ഡീറ്റെയില്‍ഡ് ആയ ബെഡ്‌റൂം സീന്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ സിനിമ കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് വളരെ ഡീറ്റെയില്‍ഡായ സീനുകള്‍ കാണുന്നത്. ഞാന്‍ അഭിനയിക്കാത്തത് പോലും അതില്‍ ഉണ്ടായിരുന്നു. അന്ന് എന്റെ ഭാര്യ കരഞ്ഞു. അതില്‍ എനിക്ക് വളരെ സങ്കടമായി. വേറെ നിവര്‍ത്തിയില്ലാതെ അന്ന് തിയേറ്ററില്‍ നിന്നിറങ്ങി വന്നു.
അന്നായിരുന്നു ആദ്യമായും അവസാനമായും ഞാന്‍ അഭിനയിച്ച സിനിമ കണ്ട് എന്റെ ഭാര്യ കരയുന്നത്. അങ്ങനെ ഒരു സീനില്‍ അഭിനയിച്ചത് ഞാന്‍ അല്ലെന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും ആളുകളുടെ മുന്നില്‍ ഇങ്ങനെ ഒരു സീന്‍ കാണുമ്പോള്‍ ഉള്ള പ്രയാസമായിരുന്നു അവള്‍ക്ക്,’ ടി.ജി. രവി പറയുന്നു.
Content Highlight: T G Ravi shares his experience of going to the theater with his wife