അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന ഉർവശി വലിയ നടി ആയതിൽ അത്ഭുതമില്ലെന്ന് നടൻ ടി.ജി രവി. ഉർവശിയെയും സഹോദരിമാരെയും പരിചയപ്പെടുന്നതിന് മുൻപ് അവരുടെ അച്ഛനെയായിരുന്നു തനിക്ക് പരിചയമെന്നും ഉർവശിയോട് ഒരു മകളോടെന്ന സ്നേഹം എപ്പോഴും തനിക്കുണ്ടെന്നും ടി.ജി രവി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിൽ വരുന്നതിന് മുൻപ് എനിക്ക് ഉർവശിയുടെ കുടുംബവുമായി ബന്ധമുണ്ട്. ഇവരെയൊക്കെ കാണുന്നതിനുമുൻപ് ഞാൻ കാണുന്നത് ഇവരുടെ അച്ഛനെയാണ്. സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ നാടകത്തിൽ അഭിനയിച്ചിരുന്ന ആളാണ്.
പല പുരാണ കഥാപാത്രങ്ങളുടെയും വേഷത്തിൽ അദ്ദേഹം വന്ന് നിൽക്കുന്നതുകണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. അത്രക്ക് മനോഹരമാണ്. അദ്ദേഹത്തിന് ആറടി പൊക്കമാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിലും ഉയരമുള്ള വ്യക്തിയാണദ്ദേഹം. സ്റ്റേജിൽ നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. അദ്ദേഹത്തിന്റെ അഭിനയം ഒക്കെ കണ്ടാൽ ഈ കുട്ടികൾ ഇത്രയും മികച്ച നടിമാർ ആയില്ലെങ്കിലേ അത്ഭുതമുള്ളു.
കുടുംബം മുഴുവൻ ആർട്ടിസ്റ്റുകൾ ആണ്. സഹോദരിമാർ നടികളാണല്ലോ. എല്ലാവരും അഭിനയിക്കുന്ന ആളുകളാണ്. അമ്മയും അച്ഛനും ഒക്കെ അഭിനയിക്കും. പിന്നെ ഈ കുട്ടി ഇത്രയും വലിയ നടി ആയില്ലെങ്കിലേ അത്ഭുതമുള്ളു. അതുകൊണ്ട് ഇപ്പോൾ ഈ നിലയിൽ ഇത്ര ഉയരത്തിൽ ഉർവശിയെ കണ്ടതിൽ എനിക്ക് അത്ഭുതമില്ല.
ഷൂട്ടിങ് സെറ്റിൽ വന്നാൽ എന്റെ മകളെപ്പോലെയോ അല്ലെങ്കിൽ സഹോദരിയെപ്പോലെയോ ആണ്. അത്രയും സ്നേഹവും അടുപ്പവും ഉണ്ടെനിക്ക്. ഞങ്ങൾ തമ്മിൽ അഭിനയിക്കുമ്പോൾ ഒരു അകൽച്ചയില്ല. പോരായ്മകൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കൊടുക്കാറുണ്ട്. അവിടെ ഈഗോ പ്രശ്നങ്ങൾ വരാറില്ല,’ ടി.ജി രവി പറഞ്ഞു.
സാനു കെ.ചന്ദ്രൻ, ആശിഷ് ചിന്നപ്പ, പ്രിജിൻ എം.പി. എന്നിവർ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് എന്ന സിനിമയാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. ഉർവശിയെ കൂടാതെ ഇന്ദ്രൻസ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവൻ, സജിൻ ചെറുകയിൽ, സനുഷ, നിഷ സാരംഗ്, അൽതാഫ് സലിം, വിഷ്ണു ഗോവിന്ദൻ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. വണ്ടർ ഫ്രെയിംസ് ഫിലിമിലാൻഡ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും.