| Sunday, 4th June 2023, 11:29 am

മൂന്നു തവണ ആ സിനിമ കണ്ടപ്പോഴും ഞാൻ കരഞ്ഞു, ഇനി കാണില്ല, റിമ എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു: ടി.ജി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലയാളി പ്രേക്ഷകരിൽ ഭയം നിറച്ചിരുന്ന നടനാണ് ടി.ജി രവി. എന്നാൽ ഇന്ന് അതിൽനിന്നൊക്കെ വ്യത്യസ്തനായി പ്രേക്ഷകർക്ക് വൈകാരിക രംഗങ്ങൾ കഥാപാത്രങ്ങളിലൂടെ അദ്ദേഹം സമ്മാനിക്കുന്നുണ്ട്. തന്റെ സിനിമ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണദ്ദേഹം.

താൻ പ്രേക്ഷകരെ കരയിപ്പിച്ചത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണെന്ന് പറയുകയാണ്‌ ടി.ജി. രവി. ഷൂട്ടിങ് കണ്ട് കരഞ്ഞ നടി റിമ കല്ലിങ്കൽ തന്നെ ചേർത്തുപിടിച്ച് കരഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കഥാപാത്രത്തിൽ പ്രേക്ഷകരെ കരയിപ്പിച്ച ഒന്നാണ് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലേത്. അതെനിക്ക് വലിയൊരു അനുഭവമാണ്.

അസുഖമായി ആശുപത്രിയിൽ കിടക്കുന്ന ഒരാൾ തൃശൂരിൽ തനിക്ക് സ്വന്തമായി സ്ഥലമുണ്ടെന്നൊക്കെ പറയുന്ന ഒരു കഥാപാത്രമാണ് എനിക്ക് കിട്ടിയത്. അതിൽ നേഴ്സ് ആയി വരുന്ന റിമയോട് നീ എന്നെ വേണമെങ്കിൽ കെട്ടിക്കോ എന്നൊക്കെ പറയുന്നുണ്ട്.

ആ ചിത്രത്തിൽ നായിക ചെറിയ ഗുലുമാലിൽ ഒക്കെ പെടുന്നുണ്ട്. അപ്പോൾ ഒരു കത്ത് വായിക്കുന്നുണ്ട്. ഒരു കത്ത് ഈ ചിത്രത്തിൽ ഉണ്ട്, അത് വളരെ പ്രധാനപ്പെട്ടതാണ് എന്നൊക്കെ ഞാൻ ചെന്നപ്പോൾ മുതൽ സംവിധായകൻ (ആഷിഖ് അബു) പറയുന്നുണ്ട്. ഇതിനെപ്പറ്റി ഇടക്കൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. ഈ കത്ത് വായിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സിൽ എന്തോ പ്ലാൻ ഉണ്ടെന്നും ഈ കഥാപാത്രത്തിന് അതുമായി എന്തോ ബന്ധമുണ്ടെന്നും അപ്പോൾ എനിക്ക് മനസിലായി. അതുകൊണ്ട് ഞാൻ സ്ക്രിപ്റ്റ് വാങ്ങിച്ചുകൊണ്ടുപോയി അതിനെ എന്റേതായ രീതിയിൽ ഒന്ന് മനഃപാഠമാക്കി,’ അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ വെച്ചുള്ള രംഗം ഷൂട്ട് ചെയ്തപ്പോൾ തനിക്ക് അഭിനയിക്കുന്നതിന് വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കി തന്നത് ക്യാമറാമാൻ ആണെന്നും, രംഗം ഷൂട്ട് ചെയ്തതിന് ശേഷം റിമ കല്ലിങ്ങൽ തന്നെ ചേർത്തുപിടിച്ച് കരഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ആശുപത്രിയിൽ വെച്ചുള്ള രംഗം ഷൂട്ട് ചെയ്തപ്പോൾ ആ സിനിമക്ക് വേണ്ടി വർക്ക് ചെയ്യുന്ന എല്ലാവരെയും അവിടെ നിന്ന് ഒഴിവാക്കി. ക്യാമറാമാനും അയാളുടെ അസിസ്റ്റന്റും, ലൈറ്റ് നൽകുന്ന ഒന്നോ രണ്ടോ ആളുകളും സംവിധായകനും മാത്രം. അവർ എന്നെ ഒരു കസേരയിൽ ഇരുത്തി.

സ്റ്റാർട്ടും കട്ടും ഒന്നും പറയില്ല, എനിക്ക് എപ്പോഴാണോ തുടങ്ങാൻ തോന്നുക അപ്പോൾ തുടങ്ങിക്കോളാനാണ് എന്നോട് പറഞ്ഞത്. അവിടെ വളരെ നിശ്ശബ്ദതയായിരുന്നു. ഒരു ശബ്ദം പോലും കേൾക്കാൻ സാധിക്കില്ല. സംവിധായകന് ആ സീനിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു.

എനിക്ക് ആ സീനിലേക്ക് വരാനും ഒരു മൂഡ് സെറ്റ് ചെയ്യാനും സഹായിച്ചത് ക്യാമറാമാനും ലൈറ്റ് സെറ്റ് ചെയ്തവരുമാണ്. അവിടെ ചെന്നപ്പോൾ ഞാൻ എവിടെയോ ചെന്നിരിക്കുന്ന പോലെ ആയിരുന്നു. ഞാൻ അഭിനയിക്കാൻ തുടങ്ങി. വേറെ ഒന്നും ഞാൻ കണ്ടില്ല. എല്ലാം കഴിഞ്ഞപ്പോൾ ‘കട്ട്’ എന്ന് പറഞ്ഞു. അപ്പോഴാണ് ക്യാമറ എന്റെ മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടത്. അതുവരെ ഞാൻ ക്യാമറ കണ്ടിട്ടില്ല. പിന്നാലെ റിമ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. ഒരു നടൻ എന്ന നിലക്ക് എനിക്കുണ്ടായ സംതൃപ്തി വളരെ വലുതാണ്. സിനിമ റിലീസ് ചെയ്തപ്പോൾ റിമ എന്നെ വിളിച്ചിരുന്നു. ‘രവിയേട്ടാ ചിത്രം ഞാൻ മൂന്ന് തവണ കണ്ടു. മൂന്നുതവണയും നിങ്ങൾ എന്നെ കരയിപ്പിച്ചു, ഇനി ഞാൻ ആ സിനിമ കാണില്ലെന്ന് റിമ പറഞ്ഞു. ഒരുപാട് ആളുകൾ എന്നെ അഭിനന്ദിച്ച ചിത്രമാണ് 22 ഫീമെയിൽ കോട്ടയം,’ ടി.ജി. രവി പറഞ്ഞു.

Content Highlights: T.G Ravi on Rima Kallingal

We use cookies to give you the best possible experience. Learn more