ദുൽഖറിന്റെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ മമ്മൂട്ടിക്ക്‌ മെസേജയക്കും: ടി.ജി. രവി
Entertainment
ദുൽഖറിന്റെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ മമ്മൂട്ടിക്ക്‌ മെസേജയക്കും: ടി.ജി. രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th July 2023, 7:33 pm

തനിക്ക് മൂന്ന് തലമുറയുടെ കൂടെ അഭിനയിക്കാൻ പറ്റിയെന്ന് നടൻ ടി.ജി. രവി. ദുൽഖറിന്റെ കൂടെ അഭിനയിക്കുന്ന ദിവസങ്ങളിൽ മമ്മൂട്ടിക്ക് മെസേജ് അയക്കാറുണ്ടെന്നും സംവിധായകൻ ജോഷിയുടെ മകനും കിങ് ഓഫ് കൊത്തയുടെ സംവിധായകനുമായ അഭിലാഷിനെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് കണ്ടിട്ടുണ്ടെന്നും ടി.ജി. രവി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോഷിയുടെ മകൻ അഭിലാഷ് മാത്രമല്ല കിങ് ഓഫ് കൊത്തയിൽ എനിക്ക് മുൻപരിചയമുള്ളത്. ദുൽഖറിന്റെ വാപ്പ എന്റെ അടുത്ത സുഹൃത്താണല്ലോ. ദുൽഖറിനെ ഞാൻ കുട്ടിയായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. അന്ന് കയ്യിൽ ഏടുത്തിട്ടുണ്ടോ എന്ന സംശയവും ഉണ്ട്. കൃത്യമായ ഓർമ കിട്ടുന്നില്ല.

മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നെയുള്ളത് സുരേഷ് ഗോപിയുടെ മകൻ, അടുത്തത് അഭിലാഷ്. ഡയറക്ടറായി ഞാൻ അഭിലാഷിനെ കണ്ടിട്ടില്ല. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ജോഷി ചെയ്യുമ്പോൾ പുള്ളിയെ സഹായിക്കാൻ അഭിലാഷ് വന്നിട്ടുണ്ട്, അങ്ങനെ കണ്ടാതായിട്ട് ഓർക്കുന്നുണ്ട്.

അടുത്ത ആൾ തിലകേട്ടന്റെ മകൻ, ഇത്രയും മക്കളുടെ കൂടെയാണ് ഞാൻ അഭിനയിക്കുന്നത്. അതിന്റെ സന്തോഷം എനിക്കുണ്ട്. അടുത്ത ദിവസം ദുൽഖറിന്റെ കൂടെയാണ് അഭിനയിക്കാൻ പോകുന്നതെങ്കിൽ, നിങ്ങളുടെ മകന്റെ കൂടെ ഞാൻ നാളെ അഭിനയിക്കാൻ പോകുകായാണെന്ന് മമ്മൂട്ടിക്ക് മെസേജ് അയക്കും. അപ്പോൾ പുള്ളി കൈകൊണ്ട് തംപ്സ് അപ് കാണിക്കും. അതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്. മൂന്ന് തലമുറകളുടെ കൂടെ അഭിനയിക്കാൻ പറ്റിയത് എന്നുള്ളതാണ് ശെരിക്കും എനിക്കുള്ള ഭാഗ്യം,’ ടി.ജി. രവി പറഞ്ഞു.

ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍ എത്തുന്ന കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ 400 സ്‌ക്രീനുകള്‍ ലോക്ക് ചെയ്തെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Content Highlights: T.G. Ravi on Mammootty and Dulquer Salman