മുൻകാല സിനിമകളിൽ കട്ട വില്ലനിസം കാണിച്ചിരുന്ന നടന്മാരാണ് ടി.ജി രവിയും ബാലൻ കെ. നായരും. എന്നാൽ ഒരു കാലം കഴിഞ്ഞപ്പോൾ ബാലൻ കെ. നായർ വില്ലൻ വേഷം മാറ്റി നിർത്തി ക്യാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ ടി.ജി രവിയും ട്രാക്ക് മാറിയിരിക്കുകയാണ്. ബാലൻ കെ. നായരുമൊത്തുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ടി.ജി രവി.
ബാലൻ കെ. നായർ അഭിനയിക്കുമ്പോൾ അദ്ദേഹം ക്യാമറ മുന്നിൽ ഉള്ളതുവരെ മറക്കുമെന്ന് ടി.ജി രവി പറഞ്ഞു. ഫൈറ്റ് സീനുകൾ ആണെങ്കിൽ അടുത്ത് നിൽക്കുന്നവർക്കിട്ടും ഇടി കിട്ടുമെന്നും തന്നെക്കാൾ സീനിയർ നടൻ ആയതുകൊണ്ട് അദ്ദേഹത്തോട് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നെന്നും ടി.ജി രവി പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലൻ കെ. നായരും താനും തമ്മിലുള്ള സൗഹൃദത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞാനും ബാലേട്ടനും തമ്മിൽ സൗഹൃദം ആയിരുന്നില്ല. അദ്ദേഹം മുതിർന്ന നടൻ ആയതുകൊണ്ട് ഒരു ബഹുമാനം ആയിരുന്നു എനിക്ക്. വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. നമ്മൾ കണ്ടുപഠിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിൽ. കാരണം ബാലേട്ടൻ ഒരു കഥാപാത്രം ആയി കഴിഞ്ഞാൽ അതിൽ മുഴുകി പോകും. ചിലപ്പോൾ ക്യാമറ മുന്നിലുള്ളതുവരെ പുള്ളി മറക്കും.
അടിപിടി രംഗങ്ങൾ ഒക്കെ വരുമ്പോൾ നമുക്കിട്ടും കിട്ടും ഇടി. ശരിക്കും നമ്മൾ സൂക്ഷിക്കണം. പുള്ളിയുടെ അഭിനയത്തോടുള്ള ആത്മാർത്ഥതയും ഡെഡിക്കേഷനുമാണ് നമ്മൾ കണ്ടുപഠിക്കേണ്ടത്. അദ്ദേഹം ഒത്തിരി ഹാർഡ് വർക്ക് ചെയ്യുന്ന ആളാണ്. അതുകൊണ്ട് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. ഒരു സുഹൃത്ത് എന്ന് പറയുന്നതിലും നല്ലത് ഗുരു എന്ന് പറയുന്നതാണ്,’ ടി.ജി രവി പറഞ്ഞു.
സാനു കെ.ചന്ദ്രൻ, ആശിഷ് ചിന്നപ്പ, പ്രിജിൻ എം.പി. എന്നിവർ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് എന്ന സിനിമയാണ് ടി.ജി രവിയുടെ ഏറ്റവും പുതിയ ചിത്രം. അദ്ദേഹത്തെക്കൂടാതെ ഉർവശി, ഇന്ദ്രൻസ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവൻ, സജിൻ ചെറുകയിൽ, സനുഷ, നിഷ സാരംഗ്, അൽതാഫ് സലിം, വിഷ്ണു ഗോവിന്ദൻ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. വണ്ടർ ഫ്രെയിംസ് ഫിലിമിലാൻഡ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും.
Content Highlights: T.G Ravi on Balan K. Nair