സിനിമയിൽ ഇത്രയും ബലാൽസംഘം ഒക്കെ ചെയ്തിട്ടും തനിക്ക് ഫാൻസ് ഇല്ലെന്ന് നടൻ ടി.ജി. രവി. തന്നെക്കാൾ കൂടുതൽ ഫാൻസുള്ളത് അരിക്കൊമ്പനും ചക്ക കൊമ്പനുമാണെന്നാണ് അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അരിക്കൊമ്പനും ചക്കകൊമ്പനും വന്നപ്പോൾ വിവാദം തന്നെയാണ്. ഇപ്പോൾ അതിന് ഫാൻസ് ഉണ്ട്, എനിക്ക് ഫാൻസ് ഇല്ല, എന്തൊരു കഷ്ട്ടമാണല്ലേ. ഇത്രയും നാൾ ഞാൻ ഈ ബലാൽസംഘം ഒക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാൻസ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാൻസ് ഉണ്ട്, അതിന്റെ പേരിൽ പൈസയൊക്കെ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ,’ ടി.ജി. രവി പറഞ്ഞു (ചിരിക്കുന്നു).
അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ ചിന്താഗതികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. തനിക്ക് രാഷ്ട്രീയം വളരെ ഇഷ്ടമാണെങ്കിലും സജീവമായി പ്രവർത്തിക്കാൻ താല്പര്യമില്ലെന്നും തന്റെ പഠന കാലത്ത് രഹസ്യമായി രാഷ്ട്രീയ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ രാഷ്ട്രീയം വളരെ ഇഷ്ടപ്പെടുന്ന ആളാണ്. സജീവമായി രാഷ്ട്രീയത്തിൽ പ്രവൃത്തിക്കുന്നില്ലെങ്കിലും രാഷ്ട്രീയം എന്റെ മനസിൽ ഉണ്ട്. പഠിക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. പരസ്യമായി എനിക്ക് രാഷ്ട്രീയ പ്രവർത്തനം ഇല്ലായിരുന്നു, പക്ഷെ ഞാൻ രഹസ്യമായി പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഒളിവിൽ ഇരുന്നവരെയൊക്കെ പല ഇടങ്ങളിലേക്കും മാറ്റാൻ സഹായിച്ചിട്ടുണ്ട്. എന്റെ രാഷ്ട്രീയം എന്താണെന്ന് ആളുകൾ അറിയുന്നതുകൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ എന്റെ രാഷ്ട്രീയം ഏതാണെന്ന് തുറന്ന് പറഞ്ഞ് അതിനുവേണ്ടി പ്രവർത്തിക്കാൻ താല്പര്യം ഇല്ല.
ഒരു സെലിബ്രിറ്റി എന്ന നിലയിൽ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ എനിക്ക് തലപര്യം ഇല്ല. അന്നും ഇല്ലായിരുന്നു,’ ടി.ജി. രവി പറഞ്ഞു.
Content Highlights: T. G Ravi on ari komban