| Saturday, 27th May 2023, 11:59 pm

കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തത് എന്റെ കുറ്റമല്ല, അന്നത്തെ സിനിമയിലെ വില്ലന്മാര്‍ ബ്രാന്‍ഡഡായിരുന്നു: ടി.ജി. രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യേണ്ടിവന്നത് തന്റെ കുറ്റം കൊണ്ടല്ലെന്നും ഇന്നത്തെക്കാലത്തെ വില്ലന്‍ കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെന്നും നടന്‍ ടി.ജി. രവി. ജോസ് പ്രകാശ്, ബാലന്‍ കെ.നായര്‍ എന്നിവര്‍ക്ക് ശേഷമാണ് താന്‍ അത്തരത്തിലുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയതെന്നും ടി.ജി. രവി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തത് എന്റെ കുറ്റം കൊണ്ടല്ല. ഞാന്‍ ആദ്യം വില്ലന്‍ വേഷം ചെയ്തത് ചാകര എന്ന സിനിമയിലാണ്. അതിലൂടെയാണ് ഈ അലവലാതി ഷാജി എന്ന പേര് കിട്ടിയത്.

അന്നത്തെ വില്ലന്മാര്‍ ബ്രാന്‍ഡഡ് ആണ്. എല്ലാ കെള്ളരുതായ്മകളും ചെയ്യുന്നവരായിരിക്കണം. അതെല്ലാം ചെയ്താല്‍ മാത്രമേ അന്നത്തെ വില്ലന്മാര്‍ക്ക് പൂര്‍ണതയുണ്ടായിരുന്നുള്ളു. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഞാനൊരുപാട് ചെയ്തിട്ടുണ്ട്.

ജോസേട്ടന്‍(ജോസ് പ്രകാശ്) ആയിരുന്നു ആദ്യം ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്തിരുന്നത്. പിന്നീടത് ബാലേട്ടനും (ബാലന്‍.കെ.നായര്‍) അതിനുശേഷം ഞാനും. അങ്ങനെ തലമുറ കൈമാറി വരുകയാണുണ്ടായത്. അങ്ങനെ ഓരോരുത്തരും ഓരോ തലമുറയ്ക്ക് കൈമാറിക്കഴിഞ്ഞാല്‍ പിന്നെയതിന് ശേഷം ക്യാരക്ടര്‍ റോളുകളിലേക്ക് തിരിയും.

പഴയകാലത്തെപ്പോലുള്ള വില്ലന്മാരല്ല ഇപ്പോള്‍. കള്ളുകുടിച്ചില്ലെങ്കിലും കൊള്ളരുതായ്മകള്‍ ചെയ്തില്ലെങ്കിലും ഇപ്പോള്‍ വില്ലന്മാരാകാമെന്നുള്ള രീതിയിലേക്ക് നമ്മുടെ സിനിമ മാറി. അങ്ങനെയൊരു സ്ഥിതിയായപ്പോള്‍ ആര്‍ക്കും എന്ത് കഥാപാത്രങ്ങളും ചെയ്യാമെന്ന രീതിയിലേക്ക് മാറി, ‘ ടി.ജി. രവി പറഞ്ഞു.

തന്റെ ഭാര്യയുമായുള്ള ബന്ധം കുട്ടിക്കാലത്ത് മുതല്‍ തുടങ്ങിയതാണെന്നും ഭരതന്‍ സംവിധാനം ചെയ്ത പറങ്കിമല എന്ന സിനിമ ചെയ്യാന്‍ കാരണം തന്റെ ഭാര്യയാണെന്നും ടി.ജി. രവി പറഞ്ഞു.

‘ ഞങ്ങടെ ബന്ധം എന്ന് പറയുന്നത് എനിക്ക് പതിനേഴ് വയസ്സും ഭാര്യയ്ക്ക് പന്ത്രണ്ട് വയസ്സുമുള്ളപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാനെന്താണെന്ന് അവള്‍ക്കറിയാമായിരുന്നു. ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു, എപ്പോഴാണൊ ഞാന്‍ ചെയ്യുന്ന തരത്തിലുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ നിനക്ക് ബുദ്ധിമുട്ടാകുന്നത്, അന്ന് മുതല്‍ ഞാന്‍ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്ന്.

എന്നോടിതുവരെ എങ്ങനെയുള്ള കഥാപാത്രങ്ങളാണ് ചെയ്യേണ്ടതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാന്‍ വേണ്ടയെന്ന് വിചാരിച്ച കഥാപാത്രമാണ് പിന്നീടെനിക്കൊരു ബ്രേക്ക് കിട്ടിയത്.

ഞാന്‍ മദ്രാസിലുള്ളപ്പോള്‍ പെട്ടെന്നെനിക്കൊരു കോള്‍ വന്നു. ഭരതന്റെ പറങ്കിമല എന്നുള്ള സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളൊരു കോളായിരുന്നു അത്. ആ സമയത്ത് എന്റെ വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഭാര്യയോട് പറഞ്ഞു. ഭരതേട്ടന്റെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ടെന്ന്.

അപ്പോള്‍ ഭാര്യയാണ് പറഞ്ഞത്, ഭരതേട്ടന്റെ സിനിമ ഒരിക്കലും മിസ് ആക്കരുതെന്ന്. ഭാര്യ കാരണമാണ് ഞാന്‍ ആ സിനിമ ചെയ്തത്. അവിടന്നങ്ങോട്ട് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തൃശ്ശൂര്‍ ശൈലി ഒരു സിനിമയില്‍ മുഴുനീളമായി ഉപയോഗിച്ചത് ഞാനാണ്, ‘ ടി.ജി. രവി പറഞ്ഞു.


Content Highlights: T.G.Ravi about his Villain characters

We use cookies to give you the best possible experience. Learn more