| Saturday, 27th May 2023, 10:12 pm

ഞാന്‍ ആദ്യമായാണ് ജോഷി സര്‍ കരയുന്നത് കാണുന്നത്, ഒറ്റപ്പെടലിന്റെ ഒരു കണ്‍ഫ്യൂഷനുണ്ട്: ടി.ജി. രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംവിധായകന്‍ ജോഷി ആദ്യമായി കരയുന്നത് താന്‍ കാണുന്നതെന്ന് നടന്‍ ടി.ജി. രവി. സെന്റിമെന്റല്‍ സീനുകളിലൊക്കെ അഭിനയിക്കുമ്പോള്‍ അദ്ദേഹവും കൂടെ കരയുമെന്നും സിനിമയിലെ മാറ്റങ്ങളുടെ കൂടെ യാത്ര ചെയ്തയാളാണ് അദ്ദേഹമെന്നും ടി.ജി. രവി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ജോഷി സാറിന്റെ പൊറിഞ്ചു മറിയം ജോസില്‍ ഞാന്‍ വളരെ യാദൃശ്ചികമായാണ് എത്തുന്നത്. പുതിയ ആര്‍ട്ടിസ്റ്റുകളൊക്കെ വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവവും രൂപവുമൊക്കെ കാണുമ്പോള്‍ ഭയപ്പെടാറുണ്ട്. നമ്മള്‍ വളരെ സെന്റിമെന്റ്‌സ് സീനുകളിലൊക്കെ അഭിനയിക്കുമ്പോള്‍ അദ്ദേഹവും കൂടെ കരയും.

ആ മൂഡിലാണ് പുള്ളി ഡയറക്ട് ചെയ്യുന്നത്. ഞാന്‍ ആദ്യമായിട്ടാണത് നേരിട്ട് കാണുന്നത്. ആ കഥാപാത്രത്തിന്റെ കൂടെ യാത്ര ചെയ്ത് അതില്‍ ലയിച്ചിരിക്കും അദ്ദേഹം. ആ ഒരു മൂഡിലാണ് വളരെ പതുങ്ങിയ ശബ്ദത്തില്‍ കട്ട് എന്ന് പറയുന്നത്.

അതുകൊണ്ടൊക്കെയാണ് ഇത്രകാലവും അദ്ദേഹത്തിന് നിലനില്‍ക്കാനാകുന്നത്. മാറ്റങ്ങളുടെ കൂടെ യാത്ര ചെയ്തയാളാണ് ജോഷി സര്‍, ഹരിഹരന്‍ സാര്‍ ചെയ്യാറുണ്ടായിരുന്നു. കുറച്ച് കാലമായി അദ്ദേഹവും ചെയ്യാറില്ല,’ ടി.ജി. രവി പറഞ്ഞു.

ഒറ്റപ്പെടല്‍ അനുഭവിക്കുന്നതിന്റെ കണ്‍ഫ്യൂഷനുണ്ടെന്നും പുതു തലമുറയിലെ അഭിനേതാക്കളെക്കണ്ടാണ് താന്‍ അഭിനയിക്കുന്നതെന്നും ടി.ജി. രവി പറഞ്ഞു.

‘ പ്രായം കൂടുമ്പോഴുള്ള ചില പ്രശ്‌നങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ ഒരു കണ്‍ഫ്യൂഷനുണ്ട്. വളരെ സന്തോഷകരമായൊരു ജീവിതമാണെന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുപോകുന്നു. പക്ഷേ ക്യാരക്ടറിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ഓര്‍ക്കാറില്ല.

എന്റൊപ്പം ഉണ്ടായിരുന്ന ആള്‍ ഇന്നില്ലയെന്ന ദുഖമുണ്ട്. വിഷമങ്ങളില്‍ നിന്നൊക്കെ മാറിനില്‍ക്കുന്നത് അഭിനയിക്കുന്ന സമയത്താണ്. യുവകലാകാരന്മാരുടെ പല സിനിമകളിലെ വ്യാകരണത്തിലും സംഭാഷണങ്ങളിലും ഒരുപാട് വ്യത്യാസമുണ്ട്. സിനിമയുടെ ഡെവലപ്‌മെന്റിനനുസരിച്ചുള്ള മാറ്റങ്ങള്‍ എന്തായാലും ഉണ്ടാവും. കുറേ സിനിമകള്‍ ഞാന്‍ ചെയ്തു.

മൂന്ന് തലമുറയില്‍പ്പെട്ടവരോടൊത്ത് അഭിനയിച്ചു. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അതൊക്കെയൊരു ഭാഗ്യവുമാണ്. പുതു തലമുറയിലെ അഭിനേതാക്കളെക്കണ്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഞാന്‍ അവരെയല്ല അഭിനയം പഠിപ്പിക്കുന്നത്, അവരെന്നെയാണ്. സിനിമ അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതുകൊണ്ട് തന്നെ അവരാണ്, ‘ ടി.ജി. രവി പറഞ്ഞു.


Content Highlights: T.G.Ravi about Director Joshiy

We use cookies to give you the best possible experience. Learn more