| Thursday, 8th October 2020, 12:14 pm

കൊവിഡ് പിടിപെട്ടത് ദൈവാനുഗ്രഹം: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: തനിക്ക് കൊവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരീക്ഷണാത്മകമായ ചികിത്സകള്‍ തനിക്ക് നടത്തിയെന്നും അത് അമേരിക്കയിലെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പുറത്ത് വിട്ട വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൊവ്വാഴ്ചയാണ് ട്രംപ് നാലു ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുന്നത്. ആശുപത്രി വിട്ടതിന് പിന്നാലെ മാസ്‌ക് ഊരിമാറ്റി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് കൊവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമായെന്ന ട്രംപിന്റെ പരാമര്‍ശം.

‘എനിക്ക് കൊവിഡ് പിടിപെട്ടത് ഒരു ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. ഇത് വീണുകിട്ടിയ വരമാണ്,’ ട്രംപ് പറഞ്ഞു.

തനിക്ക് ലഭിച്ച ചികിത്സ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപ് കൊവിഡ് മുക്തമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി നേരത്തെ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ട്രംപിന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡെക്‌സാമെഥസോണ്‍ എന്ന സ്റ്റിറോയ്ഡ് നല്‍കിയിരുന്നു. കൊവിഡ് സാരമായി ബാധിക്കുന്ന അവസരത്തിലാണ് സാധാരണ ഗതിയില്‍ ഡെക്‌സാമെഥസോണ്‍ നല്‍കാറ്.

കുറച്ച് ദിവസങ്ങളായി ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ട്രംപ് തന്റെ അണികളെ കണ്ടിരുന്നു. കാറില്‍ ഇരുന്നുകൊണ്ട് ട്രംപ് അണികളെ കൈവീശി കാണിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ട്രംപിനെ ചികിത്സിക്കുന്ന വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററിന് പുറത്ത് തടിച്ച് കൂടിയവരെ അഭിസംബോധന ചെയ്യാനാണ് ട്രംപ് കാറിലെത്തിയത്.

എന്നാല്‍ ട്രംപ് പുറത്തിറങ്ങിയതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ‘രാഷ്ട്രീയ നാടക’ത്തിനായി വാഹനത്തിലുള്ള മറ്റുള്ളവരും അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്നാണ് അവര്‍ പറഞ്ഞത്.

അതേസമയം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ജോ ബൈഡന്റെ കൊവിഡ് പരിശോധനാ ഫലം മൂന്നാം തവണയും നെഗറ്റീവായി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാലാണ് ബൈഡന്‍ തുടര്‍ച്ചയായി കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്.

ട്രംപിന് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ബൈഡന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ജനതയോട് തെറ്റായ വാര്‍ത്തകളില്‍ വീഴരുതെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump says catching covid is a blessing from god

We use cookies to give you the best possible experience. Learn more