ന്യൂദല്‍ഹി: കൊവിഡിനെതിരെ ‘കൊറേണില്‍’ എന്ന് മരുന്ന് നിര്‍മിച്ച് വില്‍പന നടത്തിയ സംഭവത്തില്‍ കമ്പനിയുടെ വിശദീകരണം സ്വീകരിക്കാതെ ദല്‍ഹി ഹൈക്കോടതി. ബാബാ രാംദേവിന്റെ കീഴിലുള്ള പതഞ്ജലിയായിരുന്നു ഇത്തരത്തില്‍ മരുന്ന് വിപണിയുമായി രംഗത്തെത്തിയത്.
കൊറോണിലിന്റെ വിപണന സമയത്ത് ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അലോപ്പതിയേയും ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസുമായി ബന്ധപ്പെട്ട് ജൂലൈയില്‍ നടന്ന വാദത്തില്‍ പരസ്യമായി വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും രാംദേവും കമ്പനിയും വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനങ്ങള്‍ കര്‍ശനമായി പാലിച്ചതിന് ശേഷമാണ് കൊറോണില്‍ ഉല്പാദിപ്പിച്ചതെന്നും അതിന് ആവശ്യമായ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ കോടതി മുമ്പാകെ നല്‍കിയ വിശദീകരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ രാംദേവിന്റെയും കമ്പനിയുടേയും വിശദീകരണം തങ്ങള്‍ക്ക് തൃപ്തികരമല്ലെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘടനകള്‍ പതഞ്ജലിക്കെതിരെ കോടതിയെ സമീപിച്ചത് പ്രേരണമൂലമാണെന്നും ഇതിനായി പണം നല്‍കുന്ന ആരെങ്കിലും ഉണ്ടായിരിക്കുമെന്നുമായിരുന്നു രാംദേവിന്റെ മറുവാദം.
‘കൊറോണി’ലിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഗവേഷണ പ്രബന്ധം രാംദേവ് നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാല്‍ കൊറോണിലിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള കമ്പനിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തി.