ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് എഴുത്തുകാരനും റിട്ടയേഡ് ചീഫ് കണ്‍ട്രോളറുമായ ടി.ഡി. രാമകൃഷ്ണന്‍. ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റുന്ന പിഴവ് മൂലം ഇത്തരമൊരു അപകടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം പിഴവു പറ്റുമ്പോഴാണ് അത് ഗുരുതരമായ അപകടങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാക്കിന്റെ പ്രശ്‌നം കൊണ്ടോ സിഗ്നല്‍ പ്രശ്‌നം കൊണ്ടോ ബോഗിയുടെ പ്രശ്‌നം കൊണ്ടോ ഇത്തരത്തില്‍ അപകടം സംഭവിക്കാമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഒരു അപകടം നടന്നതിന് ശേഷം ഉടനെ തന്നെ അടുത്ത ലൈനില്‍ വരുന്ന വണ്ടിയെ രക്ഷിക്കാനുള്ള ശ്രമം എന്തുകൊണ്ട് നടന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
‘ഒരു അപകടം നടന്നതിന് ശേഷം ഉടനെ തന്നെ അടുത്ത ലൈനില്‍ വരുന്ന വണ്ടിയെ രക്ഷിക്കാനുള്ള ശ്രമം എന്തുകൊണ്ട് നടന്നില്ല. അതിന് സമയം കിട്ടാഞ്ഞത് ആണോ, മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ, ഇതെല്ലാം അന്വേഷണത്തില്‍ നിന്ന് മാത്രമേ അറിയാന്‍ സാധിക്കൂ,’ അദ്ദേഹം പറഞ്ഞു.
വിശദമായ അന്വേഷണത്തില്‍ മാത്രമെ ബാക്കിയുള്ള വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ. സാങ്കേതിക പിഴവാണോ ആളുകളുടെ പിഴവാണോ എന്ന കാര്യങ്ങളെല്ലാം ഇനി പുറത്ത് വരേണ്ടതുണ്ട്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അത്തരം നിഗമനത്തിലേകക്ക് എത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും തിരക്കുള്ള കോറിഡോറുകളില്‍ ഒന്നാണ് ചെന്നൈ കോറിഡോര്‍. ഓടിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വണ്ടികളാണ് ആ സെക്ടറിലെല്ലാം ഓടിക്കുന്നതെന്നും പല സമര്‍ദങ്ങളുടെയും കാരണമായിട്ടായിരിക്കാം ഇത്തരത്തില്‍ വണ്ടികള്‍ ഓടിക്കുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ആയിരത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി തകര്‍ന്ന ഒരു കമ്പാര്‍ട്ടുമെന്റ് വെട്ടിപ്പൊളിച്ചെടുക്കാന്‍ രാവിലെയും ശ്രമം തുടരുകയാണ്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടം ഉന്നതാധികാര സമിതി അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം സര്‍വീസ് പുനസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Contenthighlight: T D Ramakrishnan about odisha train accident