ടി. വീണക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി
Kerala News
ടി. വീണക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2023, 11:31 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സി.ബി.ഐക്കും ഗവര്‍ണറുടെ ഓഫീസിനും പരാതിയുടെ പകര്‍പ്പ് ഗിരീഷ് ബാബു കൈമാറിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റേത് ആരോപണമല്ലെന്നും കണ്ടെത്തലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദായ നികുതി വകുപ്പിന്റെ ട്രിബ്യൂണലാണ് സേവനം നല്‍കാതെ സ്വകാര്യ കമ്പനിയില്‍ നിന്നും പണം കൈപറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ സ്വാധീനമുപയോഗിച്ചാണ് പണം കൈപ്പറ്റിയതെന്ന സംശയമുള്ളതിനാല്‍ ഇത് അധികാര ദുര്‍വിനിയോഗത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും സംസ്ഥാന വിജിലന്‍സ് അന്വേഷണം വേണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി (AMC annual maintenance contract ) വീണ പണം സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വാങ്ങിയതായാണ് ഇന്‍കം ടാക്‌സ് രേഖകള്‍ പുറത്തുവിട്ട രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആര്‍.എല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ രേഖകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വീണയുടെ എക്സലോജിക് കമ്പനിയും സി.എം.ആര്‍.എല്‍ കമ്പനിയും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടി 2017ല്‍ കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം എല്ലാ മാസവും വീണക്ക് അഞ്ച് ലക്ഷം രൂപയും എക്സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റിയതായി പറയുന്നത്.

അതേസമയം, വീണക്ക് പുറമെ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നീ യു.ഡി.എഫ് നേതാക്കളുടെ പേരുകളും ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2019 ജനുവരി 25ന് സി.എം.ആര്‍.എല്‍ ഓഫീസിലും കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാറിന്റെ കൊച്ചി നോര്‍ത്ത് പരവൂറിലെ വീട്ടിലും ആദായനികുതി റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ 150തോളം രേഖകള്‍ പിടിച്ചെടുത്തു. ഇതിലെ ചില രേഖകളിലായിരുന്നു ഒ.സി, കെ.കെ, ആര്‍.സി, ഐ.കെ, എ.ജി, പി.വി എന്നിങ്ങനെ ചുരുക്കപ്പേരുകള്‍ ഉണ്ടായിരുന്നത്. കെ.എസ്. സുരേഷ് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഇത് ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നിവരാണെന്ന് കണ്ടെത്തിയത്.

Content Highlights:  Complaint against T Veena demanding vigilance investigation