| Wednesday, 22nd May 2013, 3:53 pm

ശ്രീശാന്തിനോട് സഹതപിക്കാനേ സാധിക്കുള്ളൂ : ടി.സി. മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: ഐ.പി.എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്തിനോട് സഹതാപം മാത്രമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി.മാത്യു.

ശ്രീശാന്തിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയും ചെയ്യേണ്ട കാര്യമില്ല. ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരേ ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് അവിശ്വസിക്കേണ്ടതില്ലെന്നും മാത്യു പറഞ്ഞു. []

രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ഡിജിപി റാങ്കിലുള്ള പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇത്തരം ആരോപണത്തില്‍ പെട്ടയാളെ സംരക്ഷിക്കേണ്ട ബാധ്യത കെ.സി.എക്കില്ല. അത്തരത്തില്‍ സംരക്ഷിക്കാനിറങ്ങി പുറപ്പെട്ടാല്‍ നിങ്ങള്‍ മാധ്യമങ്ങള്‍ തന്നെ കെസിഎക്ക് എതിരായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിധി വരുന്നതുവരെ ശ്രീശാന്തിനെ കുറ്റക്കാരനായാണു സമൂഹം കാണുന്നത്. ശ്രീശാന്തിനെതിരെ ബിസിസിഐ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അതിനൊപ്പമാണ് കെസിഎ എന്നും ടി.സി.മാത്യു പറഞ്ഞു. ശ്രീശാന്തിന്റെ അറസ്റ്റ് കേരള ക്രിക്കറ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പല മേഖലകളില്‍ നിന്നുള്ളവരാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്. വര്‍ഷങ്ങളായി ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന സച്ചിനും ധോണിയുമുള്‍പ്പെടെയുള്ളവര്‍ ഒന്നും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല.

ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിഐ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഈ നിലപാടിനൊപ്പമാണു കേരള ക്രിക്കറ്റ് അസോസിയേഷനും- ടി.സി. മാത്യു പറഞ്ഞു.

We use cookies to give you the best possible experience. Learn more