| Monday, 10th July 2023, 7:34 pm

സി.പി.ഐ.എം സെമിനാര്‍ സമയത്തെ എസ്.വൈ.എസ് സിമ്പോസിയം; മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സമസ്ത യുവജന വിഭാഗമായ എസ്.വൈ.എസ് നടത്താന്‍ തീരുമാനിച്ചിരുന്ന സിമ്പോസിയം മാറ്റി വെച്ചു. സി.പി.ഐ.എം സെമിനാര്‍ നടത്തുന്ന ജൂലൈ 15നായിരുന്നു സിമ്പോസിയം നടത്താന്‍ എസ്.വൈ.എസ് തീരുമാനിച്ചത്. എന്നാല്‍ ഈ സിമ്പോസിയം മാറ്റിവെക്കാനാണ് ഇപ്പോള്‍ സമസ്ത നേതൃത്വം തന്നെ എസ്.വൈ.എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

അതേസമയം സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം സിമ്പോസിയം നടത്തിയാല്‍ മതിയെന്നാണ് സമസ്ത അറിയിച്ചിരിക്കുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷം മാത്രം മറ്റ് പരിപാടികള്‍ നടത്തേണ്ടതുള്ളൂവെന്നാണ് സമസ്തയുടെ തീരുമാനം.

എന്നാല്‍ എസ്.വൈ.എസ് സിമ്പോസിയം സി.പി.ഐ.എമ്മിനേല്‍ക്കുന്ന പ്രഹരമായാണ് ചന്ദ്രിക ദിനപ്പത്രം വാര്‍ത്ത നല്‍കിയത്. ഏക സിവില്‍ കോഡിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ സി.പി.ഐ.എം അപഹാസ്യമാകുകയാണെന്നും ചന്ദ്രിക പറഞ്ഞിരുന്നു. സി.പി.ഐ.എം സെമിനാറിന്റെ അതേസമയത്ത് തന്നെ എസ്.വൈ.എസ് നടത്താന്‍ തീരുമാനിച്ച സിമ്പോസിയത്തെ ആഘോഷമാക്കുകയായിരുന്നു ചന്ദ്രിക.

‘ഏക സിവില്‍ കോഡിന്റെ മതവും രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ട്രൂപ്പാത്ത് സമിതി 15ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് സിമ്പോസിയം നടത്താന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, സി.പി.ഐ.എം, മുസ്‌ലിം ലീഗ് എന്നിവരെ സംഘടിപ്പിച്ച് നടത്താനായിരുന്നു തീരുമാനം. എസ്.വൈ.എസിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എസ്.വൈ.എസ് സിമ്പോസിയം നടത്താന്‍ തീരുമാനിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ഐ.എന്‍.എല്‍ വഹാബ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ സംവദിക്കുമെന്നായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കുന്ന സമസ്ത തന്നെ അതിന്റെ യുവജന സംഘടനയോട് ഇപ്പോള്‍ സിമ്പോസിയം നടത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഏക സിവില്‍കോഡ് വിഷയത്തില്‍ പൗരത്വ വിഷയത്തിലേത് പോലെ തന്നെ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

‘സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും. കേരളത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പമുണ്ടാകും. ഏത് പാര്‍ട്ടിക്ക് ഒപ്പവും നില്‍ക്കും.

ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.പ്രതിഷേധത്തില്‍ തുരങ്കം വെക്കുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത്.

എടുത്തുചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലിം സമൂഹം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഓരോ മതസ്ഥര്‍ക്കും ആചാരപ്രകാരം ജീവിക്കാന്‍ അവകാശമുണ്ട്,’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കാതെ സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ട്.

content highlights: SYS Symposium during CPIM Seminar; Samasta asked for postponement

We use cookies to give you the best possible experience. Learn more