| Monday, 15th April 2024, 6:45 pm

ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമങ്ങളുണ്ടാകുമ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നവരെ തെരഞ്ഞെടുക്കണം; ബിരിയാണി കഴിച്ചിരിക്കുന്നവരെയല്ല: സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമങ്ങളുണ്ടാകുമ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നവരെ തെരഞ്ഞെടുക്കണമെന്ന് സുന്നി യുവജന സംഘം വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍. ബിരിയാണിയും ചായയും കുടിച്ചിരിക്കുന്നവരെ എം.പിയായി തെരഞ്ഞെടുക്കരുതെന്നും തുറാബ് തങ്ങള്‍ പറഞ്ഞു.

‘ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്നവരെ തെരഞ്ഞെടുക്കണം. അല്ലാതെ ചായ കുടിച്ചും ബിരിയാണി കഴിച്ചും കിടന്നുറങ്ങുന്നവരെ എം.പിയാക്കരുത്,’ എന്നാണ് തുറാബ് തങ്ങള്‍ പറഞ്ഞത്.

ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരരുതെന്നും തുറാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിലും അസമിലും ഏകീകൃത സിവില്‍ കോഡ് ഭാഗികമായി നിലവില്‍ വന്നെന്നും മുസ്ലിങ്ങളുടെ മദ്രസകള്‍ ബി.ജെ.പി അടച്ചുപൂട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിക്കാഹ് നടത്തുന്നതില്‍ പുതിയ നിയമങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നുവെന്നും പഞ്ചായത്തില്‍ പോയി ഒരു ഒപ്പ് വെച്ചാല്‍ മതിയെന്ന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്നും തുറാബ് തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഫാസിസ്റ്റുകള്‍ക്കെതിരെ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: SYS State Vice President react to Lok Sabha election 2024

Latest Stories

We use cookies to give you the best possible experience. Learn more