സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ന്യായം ചമക്കാന്‍ ഇസ്‌ലാമിനെ കൂട്ടുപിടിക്കുന്നവർ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്തും: എസ്.വൈ.എസ്
മതചിഹ്നങ്ങളും മതപരമായ സംജ്ഞകളും തെരുവില്‍ വൈകാരികത കത്തിച്ചുനിര്‍ത്താന്‍ വേണ്ടി ദുരുപയോഗിക്കുന്നത് ഇസ്‌ലാമിക ദര്‍ശനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി.
കോഴിക്കോട് കുറ്റ്യാടിയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ക്യാമ്പ് എനര്‍ജിയ ’22 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ സംഘടിച്ചവര്‍ ഇസ്‌ലാമിലെ ഉജ്ജ്വലമായ ചരിത്ര സന്ദര്‍ഭങ്ങളെ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വക്രീകരിച്ച് അവതരിപ്പിക്കുകയാണ്. അക്രമവും അരാജകത്വവും കൊണ്ടല്ല ലോകത്ത് ഇസ്ലാം വ്യാപനം നേടിയത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും പൊതുമുതല്‍ നശിപ്പിച്ചും നടത്തുന്ന അക്രമങ്ങള്‍ക്ക് ന്യായം ചമക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളെ കൂട്ടുപിടിക്കുന്നവര്‍ മുസ്‌ലിങ്ങളുടെ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്,” സയ്യിദ് ത്വാഹാ സഖാഫി പറഞ്ഞു.
സമാധാനത്തോടുള്ള വിശ്വാസി മുസ്‌ലിങ്ങളുടെ ആഭിമുഖ്യത്തെ ഭീരുത്വമായി ചിത്രീകരിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരക്കാര്‍ നടത്തുന്ന അവിവേക പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിന് കുറ്റം ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി ക്യാമ്പിന് അധ്യക്ഷത വഹിച്ചു. വി. അബ്ദുല്‍ ജലീല്‍ സഖാഫി, കെ. അബ്ദുല്‍ കലാം, മുനീര്‍ സഅദി പൂലോട് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: SYS state president says violence, attack on public wealth and denial of freedom to travel in the name of Islam in a threat to Muslims