കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 11 പള്ളികള്‍ വഹാബികള്‍ കയ്യേറിയിട്ടുണ്ടെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. സുന്നികള്‍ വഖഫ് ചെയ്ത നിരവധി സ്വത്ത് വഹാബി ആശയക്കാര്‍ കയ്യേറിയിട്ടുണ്ട്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളിയും മുഹ്യുദ്ദീന്‍ പള്ളിയും. ഇവയടക്കം 11 പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ മാത്രം വഹാബികള്‍ കയ്യേറിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലാണ് ഏറ്റവും വലിയ പിടിച്ചടക്കല്‍ നടന്നിട്ടുള്ളത്. അവയെ കുറിച്ച് അന്വേഷിക്കണം. സലഫികള്‍ കയ്യേറിയ വഖഫ് സ്വത്ത് തിരിച്ചുപിടിക്കണം.
വഖഫ് സ്വത്തുക്കള്‍ വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വിനിയോഗിക്കേണ്ടത്. കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളിയുടെ കാര്യത്തില്‍ ഉദ്ഘാടന ദിവസം ഒരു മൗലവി മിമ്പറില്‍ കയറി പ്രസംഗിച്ചാണ് പള്ളി കൈക്കലാക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനത്തിന്റെ കാര്യത്തില്‍ എല്ലാവിഭാഗവുമായി ആലോചിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ സമസ്തയുമായി ചര്‍ച്ച ചെയ്യുന്നു എന്നു മാത്രം. വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഞങ്ങളയും അറിയിച്ചിട്ടുണ്ട്.
ഞങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ സുതാര്യത വേണമെന്നാണ് ഞങ്ങളുടെ നിലപാടാണ്.
സ്വകാര്യ നിയമനങ്ങളിലൂടെ ചില ആശയക്കാരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും അതുവഴി വഖഫ് സ്വത്തുകളില്‍ മോഷണം നടക്കുകയും ചെയ്യുന്നുണ്ട്. അത് ഇല്ലാതാക്കണം. പിന്‍വാതില്‍ നിയമനമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും അബ്ദുല്‍ ഹകീം അസ്ഹരി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.