കോഴിക്കോട്: കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന തല വാഫി- വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്‌കരിക്കാനുള്ള സമസ്തയുടെ തീരുമാനത്തെ പിന്താങ്ങി എസ്.വൈ.എസ്.
സമസ്ത- സി.ഐ.സി വിഷയത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കാത്തപക്ഷം വാഫി- വഫിയ്യ ബിരുദദാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എസ്.വൈ.എസ് നേതാക്കളെ അറിയിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഈ സാഹചര്യത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമോ എന്നതാണ് സമസ്ത നേതൃത്വം ഉറ്റുനോക്കുന്നത്.
സമസ്തയുടെ ബഹിഷ്‌കരണത്തിന് ശേഷവും സി.ഐ.സി പരിപാടിയുടെ പ്രചരണം മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതൃത്വങ്ങള്‍ ഏറ്റെടുത്തിരുന്നു. ലീഗ് പിന്തുണച്ച പരിപാടിയില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്നാണ് സമസ്തയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട് സ്വപ്ന നഗരിയില്‍ സി.ഐ.സിയുടെ കീഴിലുള്ള വാഫി- വഫിയ്യ കോഴ്സുകളുടെ ബിരുദദാന സമ്മേളനവും മറ്റ് കലാപരിപാടികളും നടക്കുന്നത്. പരിപാടിയുടെ സമാപന സമ്മേളനത്തിലേയും സനദ് ദാന ചടങ്ങിലേയും അധ്യക്ഷനാണ് സാദിഖലി തങ്ങള്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുശാവറ യോഗത്തിലാണ് വാഫി-വഫിയ്യ ബിരുദദാന സമ്മേളനം ബഹിഷ്‌കരിക്കാന്‍ സമസ്ത തീരുമാനമെടുക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസലാമിക് കോളേജസ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നേരത്തേ പാണക്കാട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ധാരണകള്‍ സി.ഐ.സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമസ്തയുടെ ബഹിഷ്‌കരണം.
എന്നാല്‍ സമസ്തയുടെ ബഹിഷ്‌കരണത്തിന് പിന്നാലെ സി.ഐ.സിക്ക് പിന്തുണ നല്‍കി മുസ്‌ലിം ലീഗ് നേതൃത്വവും അണികളും സോഷ്യല്‍ മീഡയയിലടക്കം രംഗത്തെത്തിയിരുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അഡ്വ. നജ്മ തബ്ഷീറ, അഡ്വ. ഫാത്തിമ തഹ്ലിയ തുടങ്ങിയ നേതാക്കളും ചില ലീഗ് സൈബര്‍ പേജുകളും പരിപാടിയുടെ പ്രചാരണവുമായി രംഗത്തെത്തിയിരുന്നത്.
നേരത്തെ സമസ്തയുടെ സംവിധാനങ്ങളുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്. പിന്നീട് സമസ്തയുടെ ആശയ ആദര്‍ശങ്ങളില്‍ നിന്ന് വിഭിന്നമായി, അവരെ മറികടക്കാന്‍ ശ്രമിച്ചു എന്ന ആരോപണമായിരുന്നു സി.ഐ.സിക്കെതിരെ ഉയര്‍ന്നുവന്നത്.