|

ശ്രീറാമിനോടുള്ള ദേഷ്യം രേണു രാജിനെതിരെ പ്രയോഗിക്കുന്നത് ശരികേട്; എറണാകുളം കളക്ടര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നതും സ്ത്രീവിരുദ്ധവുമെന്ന് സുന്നി യുവജന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എറണാകുളം ജില്ലയിലെ സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കളക്ടര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം അതിരുകടക്കുന്നതും സ്ത്രീവിരുദ്ധവുമാകുന്നുണ്ടെന്ന് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍. ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തി രേണു രാജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും മുഹമ്മദലി കിനാലൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കിനാലൂരിന്റെ പ്രതികരണം.

‘എറണാകുളം ജില്ലയിലെ സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കളക്ടര്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതില്‍ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലര്‍ വിമര്‍ശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭര്‍ത്താവ് ആണ് ശ്രീറാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദേഷ്യം രേണു രാജിനെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവര്‍ ബഷീര്‍ കേസില്‍ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവര്‍ കുറ്റാരോപിതയല്ല.

അവരുടെ ജീവിതപങ്കാളി ശ്രീറാം ആണെന്നത് അവരെ വിമര്‍ശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തെരഞ്ഞെടുപ്പാണ്. അതില്‍ മറ്റൊരാള്‍ക്കും ഇടപെടാന്‍ അവകാശം ഇല്ല. സ്‌കൂള്‍ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമര്‍ശങ്ങള്‍ അതിരുകടന്നതാണ്,’ മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കില്‍ എഴുതി.

മഴ കനത്ത സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ വിഷയം ശ്രീറാം വെങ്കിട്ടരാമിന്റെ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുഹമ്മദലി കിനാലൂരിന്റെ പ്രതികരണം.

കുട്ടികള്‍ സ്‌കൂളില്‍ എത്തിയതിന് ശേഷം പ്രഖ്യാപിച്ച അവധി ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഏഴ് മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേല്‍ നന്നായിരുന്നുവെന്നും നേരത്തെ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പറഞ്ഞിരുന്നു. ഈ വിമര്‍ശനം പിന്നീട് വ്യക്തിപരായ വിഷയങ്ങളിലേക്ക് വഴിമാറുകയായിരുന്നു.

CONTNT HIGHLIGHTS:  SYS leader Muhammadali Kinalur said that the high level of criticism against the collector on social media regarding school holidays is excessive and anti-women