പള്ളികളെയും വൈദികരെയും മോശമായി ചിത്രീകരിക്കുന്നു; പള്ളികളും ചാപ്പലുകളും സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ
Religious belief
പള്ളികളെയും വൈദികരെയും മോശമായി ചിത്രീകരിക്കുന്നു; പള്ളികളും ചാപ്പലുകളും സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2017, 10:23 am

കൊച്ചി: സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കേണ്ടതില്ലെന്ന് സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. പള്ളികളില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നല്‍കാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സിനഗഡ് തീരുമാനം.

ഇക്കാര്യത്തില്‍ സഭാ കാര്യാലയത്തില്‍നിന്നു പള്ളി വികാരിമാര്‍ക്കു നിര്‍ദേശം നല്‍കിയതായി മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും സിനഡ് പറയുന്നു. പള്ളികളില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്ന റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നും പള്ളിയെ ഉപയോഗിച്ചു വൈദികരെ താറടിക്കുന്നതു വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നെന്നും സഭ പറയുന്നു.

ആരാധനാലയമെന്ന പരിഗണനപോലും നല്‍കാതെയാണു പലരും പള്ളിക്കകത്തു പെരുമാറിയതെന്ന് വിമര്‍ശിക്കുന്ന സഭ ചെരുപ്പിട്ടു അള്‍ത്താരയില്‍ കയറുന്നതായും മദ്യവും സിഗററ്റവും മറ്റും പള്ളിക്കകത്തു കയറ്റുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞു. ആത്മീയതയ്ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും ചിത്രീകരണത്തിനായി അള്‍ത്താരയും സക്രാരിയും രൂപക്കൂടുകളും വരെ സിനിമക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നും സിനഡ് വിലയിരുത്തി.

അതേസമയം കത്തോലിക്കാ പള്ളികള്‍ ഷൂട്ടിങ്ങിനു കിട്ടിയില്ലെങ്കില്‍ മറ്റു സഭകളെ ആശ്രയിക്കാനാണ് ഫിലം ചേംബര്‍ തീരുമാനം. യാക്കോബായ, മര്‍ത്തോമ്മ, ഓര്‍ത്തഡോക്സ്, സി.എസ്.ഐ. സഭകളുടെ പള്ളികളെ സമീപിക്കാനാണു സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍, കത്തോലിക്ക വെദികരുടെ വേഷം ഉപയോഗിക്കുന്നതു തുടരുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തിയാല്‍ എതിര്‍ക്കുമെന്നും ചേംബര്‍ പറഞ്ഞു.