കൊച്ചി: കുര്‍ബാന അര്‍പ്പിക്കല്‍ രീതികളിലെ തര്‍ക്കത്തെ തുടര്‍ന്ന് അസാധാരണ നടപടികള്‍ സംഭവിച്ച എറണാകുളം സെന്റ്. മേരീസ് ബസലിക്കയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ തടയുന്നതിന്റെ വീഡിയോ പുറത്ത്. ഹൈന്ദവ വിഭാഗക്കാരായ പൊലീസുകാരെ പള്ളിയില്‍ കയറ്റില്ലെന്ന് പ്രതിഷേധക്കാര്‍ ആക്രോശിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പള്ളിയിലെ അള്‍ത്താരയില്‍ ഒരേ സമയം രണ്ട് രീതിയില്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന രീതി അര്‍പ്പിച്ചപ്പോള്‍, വിമത വിഭാഗക്കാരായ പുരോഹിതര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു.
ഇതോടെ പള്ളിയില്‍ സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ നീങ്ങി. പൂതവേലില്‍ ഗോബാക്ക് വിളികളുമായി വിമത വിഭാഗക്കാര്‍ എത്തിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇവരെ തടയാനും എത്തി. ഇവര്‍ പരസ്പരം അസഭ്യം പറഞ്ഞും മുദ്രാവാക്യം വിളിച്ചും പള്ളിക്കുള്ളില്‍ ഏറ്റുമുട്ടലിന്റെ വക്കിലേക്ക് കാര്യങ്ങളെ എത്തിക്കുകയായിരുന്നു. സ്ത്രീകളെ ലെെംഗികമായി അധിക്ഷേപിച്ചുകൊണ്ട് കേട്ടാലറക്കുന്ന തെറികളായിരുന്നു വിളിച്ചിരുന്നത്.
സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി പള്ളിയില്‍ പൊലീസെത്തിയിരുന്നു. നേരത്തെയും കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുള്ളത് കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയെ പൊലീസിനെ അള്‍ത്താരയില്‍ കയറാനാകില്ലെന്ന് പറഞ്ഞ് തടയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ഹൈന്ദവ പൊലീസുകാര്‍ കയറുത്, ഹൈന്ദവര്‍ക്ക് പള്ളിയില്‍ കയറാന്‍ പറ്റില്ല’ എന്നിങ്ങനെയാണ് വീഡിയോയില്‍ കാണുന്ന പ്രതിഷേധക്കാരിലൊരാള്‍ പറയുന്നത്. അള്‍ത്താരക്ക് മുമ്പില്‍ നിലയുറപ്പിച്ച ചിലര്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്.
ഹൈന്ദവരെ പള്ളിയില്‍ കയറ്റാനാകില്ലെന്ന് ആക്രോശിക്കുന്ന ഒരാള്‍ അള്‍ത്താരയുടെ മുമ്പില്‍ നിന്നും വാതിലിനടുത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഔദ്യോഗികപക്ഷക്കാരാണോ വിമത വിഭാഗക്കാരാണോ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
അതേസമയം ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചിരിക്കുന്നത്. സിനഡിന് പരാതി നല്‍കുമെന്നാണ് വിമത വിഭാഗത്തിന്റെ മറുപടി.
ഏകീകൃത കുര്‍ബാനക്കെതിരെയും അനുകൂലിച്ചും സിറോ മലബാര്‍ സഭയില്‍ മാസങ്ങളായി തുടരുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതിരൂപതാ ആസ്ഥാനമായ ബസലിക്കാ പള്ളിയെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന പള്ളി കഴിഞ്ഞ ദിവസമായിരുന്നു തുറന്നത്.
കൂടാതെ, ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിനും പൊലീസ് സംരക്ഷണം നല്‍കാനും ഹൈക്കോടതി ഉത്തവിട്ടിരുന്നു. വിമത വിഭാഗക്കാരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നായിരുന്നു ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്താണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം
ഏകീകൃത കുര്‍ബാനച്ചൊല്ലല്‍ രീതിയെ എതിര്‍ക്കുന്ന വിമത വിഭാഗത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചതാണ് ഇന്ന് നടക്കുന്ന തര്‍ക്കങ്ങളുടെ തുടക്കകാരണം. 2021 ഓഗസ്റ്റിലാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. സിനഡിന്റെ നിര്‍ദേശ പ്രകാരം, കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ മാത്രം വൈദീകന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുകയും പിന്നീടുള്ള ഭാഗത്തെല്ലാം തിരിഞ്ഞുനിന്ന് ദൈവീകരൂപങ്ങളെ അഭിമുഖീകരിച്ചും കുര്‍ബാന അര്‍പ്പിക്കണം.
സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലും, പ്രാദേശികമായും കുര്‍ബാന ചൊല്ലുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദീകര്‍ വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലുക. എന്നാല്‍ ചിലയിടങ്ങളില്‍ വിശ്വാസികളില്‍ നിന്നും മുഖം തിരിഞ്ഞ് ദൈവീകരൂപകങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുണ്ട്.
കുര്‍ബാനയുടെ ഭൂരിഭാഗം സമയവും വൈദീകന്‍ വിശ്വാസികള്‍ക്ക് നേരെ നില്‍ക്കുകയും ചില പ്രത്യേക സമയത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.
വത്തിക്കാനും മാര്‍പാപ്പയും കുര്‍ബാനയടക്കമുള്ള കാര്യങ്ങളില്‍ കത്തോലിക്കസഭയില്‍ ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന നിര്‍ദേശം 2021 ജൂലൈയില്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത രീതികള്‍ ഒഴിവാക്കി ദൈവീകരൂപങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദേശം നല്‍കുന്നത്.
കാലങ്ങളായി ഉയരുന്ന ആവശ്യമാണിതെന്നും കൊവിഡ് കാലത്ത് കുര്‍ബാന ചൊല്ലുന്നതുമായി ബന്ധപ്പെട്ട് പല രീതികള്‍ കെകൊള്ളേണ്ടി വന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും പുതിയ തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിരവധി ബിഷപ്പുമാരുടെയും വൈദീകരുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആക്ഷേപവും അന്ന് തന്നെ ഉയര്‍ന്നിരുന്നു.
ജനാഭിമുഖമായി നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മാത്രമല്ല വൈദീകരുമായോ വിശ്വാസികളുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികമായ സഭകളുടെ സ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ നിലനില്‍ക്കുന്നതെന്നും അതിനെ കൂടിയാണ് സിനഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ വെല്ലുവിളിക്കുന്നതെന്നും വിമത വിഭാഗങ്ങള്‍ പറയുന്നു.
Content Highlight: Syro Malabar Holy mass raw at St. Mary’s church, protesters stop police from entering stating Hindus can’t enter christian church