'ലൗ ജിഹാദിനെക്കുറിച്ചുള്ള നിലപാടിനെ മതപരമായി കാണരുത്' വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ
Kerala News
'ലൗ ജിഹാദിനെക്കുറിച്ചുള്ള നിലപാടിനെ മതപരമായി കാണരുത്' വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2020, 11:59 pm

കാക്കനാട്: ലൗ ജിഹാദും പൗരത്വ ഭേദഗതി നിയമവും സംബന്ധിച്ച് സ്വീകരിച്ച നിലപാടുകള്‍ വിവാദമായതോടെ വിശദീകരണക്കുറിപ്പുമായി സീറോ മലബാര്‍ സഭ. സഭക്കകത്ത് നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതോടെയാണ് വാര്‍ത്തക്കുറിപ്പ് വഴി വിശദീകരണം നല്‍കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.

പൗരത്വ ഭേദഗതി നിയമവും ലൗ ജിഹാദും സംബന്ധിച്ച സിനഡിന്റെ നിലപാടുകള്‍ കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയതാണെന്നും ഇതിലെ ചില പ്രസ്താവനകള്‍ വളച്ചൊടിച്ച് സഭക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൗ ജിഹാദിനെ മതപരമായ പ്രശ്‌നമായി കണക്കാക്കരുതെന്നും ക്രമസമാധാനപ്രശ്‌നമായി കണ്ട് നിയമപാലകര്‍ നടപടിയെടുക്കണമെന്നാണ് സഭ ആവശ്യപ്പെട്ടതെന്ന് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ആശങ്കള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും തിരിച്ചു പോകാന്‍ ഇടമില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് മതപരിഗണന കൂടാതെ പൗരത്വം നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച സഭയുടെ മറ്റു നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സഭയുടെ നിലപാടുകള്‍ വ്യക്തമാക്കിയ സിനഡ് സര്‍ക്കുലറിനെ ‘ലൗ ജിഹാദ് സര്‍ക്കുലര്‍’ എന്ന് വിശേഷിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന താല്‍പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിലയിരുത്തുന്നതായി കുറിപ്പില്‍ പറയുന്നു.

സീറോ മലബാര്‍ സഭ മീഡിയ കമ്മീഷനാണ് വിശദീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

DoolNews Video