ന്യൂദല്‍ഹി: സീറോ മലബാര്‍ സഭയുടെ ദല്‍ഹിയിലെ പള്ളി പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. ദല്‍ഹിയിലെ ലാഡോസറായിലെ പള്ളിയാണ് ദല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയത്.
നേരത്തെ പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. പള്ളി നില്‍ക്കുന്നത് കൈയ്യേറ്റഭൂമിയിലാണെന്നും വെള്ളിയാഴ്ച നല്‍കിയ നോട്ടീസില്‍ ഡി.ഡി.എ. പറഞ്ഞിരുന്നു.
ഇതിന് പിന്നാല പള്ളി അധികാരികളും വിശ്വാസികളും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തര്‍ക്കം കോടതിയില്‍ നില്‍ക്കെ ഡി.ഡി.എ. എത്തി പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റുകയായിരുന്നു.
വിഷയം കോടതി പരിഗണനയില്‍ നില്‍ക്കെ പള്ളിപൊളിച്ചുമാറ്റിയ നടപടിക്കെതിരെ വിശ്വാസികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്ത് എത്തി.
അതേസമയം മൂന്ന് ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കുമെന്ന് നോട്ടീസ് നല്‍കിയിരുന്നെന്നാണ് ഡി.ഡി.എയുടെ വിശദീകരണം.
എന്നാല്‍ സഭയ്ക്ക് പള്ളി പൊളിക്കുന്നതുമായി ഒരു നോട്ടീസും ലഭിച്ചില്ലെന്ന് പാസ്റ്റര്‍ കൗണ്‍സില്‍ അംഗവും അഭിഭാഷകനുമായ ജോണ്‍ തോമസ് പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചില്ല, സ്ഥലം വിട്ടുനല്‍കാന്‍ ഞങ്ങള്‍ക്ക് സമയം നല്‍കിയിരുന്നില്ല. 150 പൊലീസ് ഉദ്യോഗസ്ഥരുമായും മൂന്ന് ജെ.സി.ബികളുമായും ഉദ്യോഗസ്ഥര്‍ വന്ന് ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമായി പള്ളി പൊളിച്ചു. ആരാധനയ്ക്കുള്ള പവിത്രമായ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. ” എന്നും തോമസ് പി.ടി.ഐയോട് പറഞ്ഞു.
ഡി.ഡി.എയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.