മദ്യവര്‍ജനം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയവരാണ് ഇടത് മുന്നണി, പുതിയ തീരുമാനം ജനവഞ്ചന: സിറോ മലബാര്‍ സഭ
Kerala News
മദ്യവര്‍ജനം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയവരാണ് ഇടത് മുന്നണി, പുതിയ തീരുമാനം ജനവഞ്ചന: സിറോ മലബാര്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 2:56 pm

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാര്‍ സഭ. നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

സിറോ മലബാര്‍ സഭയുടെ വക്താവ് ആന്റണി വടക്കേക്കരയാണ് സഭയുടെ നിലപാട് അറിയിച്ചത്. ഡ്രൈഡേ ഒഴിവാക്കുന്നതും ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നതും അപലപനീയമാണെന്ന് ആന്റണി വടക്കേക്കര പറഞ്ഞു. ടൂറിസം വികസനത്തിന്റെ പേരില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതി ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു തുള്ളി മദ്യം പോലും കൂടുതലായി ലഭ്യമാക്കില്ലെന്ന് പ്രകടന പത്രികയില്‍ പറഞ്ഞ് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് എല്‍.ഡി.എഫ്. മദ്യനയം പുനഃക്രമീകരിക്കുന്നത് മദ്യത്തിന്റെ ലഭ്യത കുറക്കാന്‍ വേണ്ടി ആയിരിക്കണം എന്നാണ് സഭയുടെ നിലപാട്. മദ്യത്തിന്റെ ലഭ്യത കൂട്ടാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സഭ എതിര്‍ക്കുന്നു,’ ആന്റണി വടക്കേക്കര പറഞ്ഞു.

എന്നാല്‍ ബാര്‍കോഴ വിവാദത്തില്‍ രാഷട്രീയ പ്രതികരണത്തിന് സഭക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ കത്തോലിക്ക സഭയുമായി ചര്‍ച്ച നടത്തി സമരങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സിയും ഇതില്‍ സമാനമായ പ്രതികരണമാണ് നടത്തിയത്. ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി.

അതിനിടെ, ബാര്‍കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പണപ്പിരിവോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പരിശോധിക്കുക.

Content Highlight: syro malabar archdiocese liquor policy kerala