| Monday, 2nd July 2018, 10:53 am

എന്തു വില കൊടുത്തും അതിര്‍ത്തികള്‍ സംരക്ഷിക്കും; ഇസ്രാഈലിലേക്ക് സിറിയന്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല;നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: സിറിയന്‍ അഭയാര്‍ത്ഥികളെ ഇസ്രാഈലിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്തു വില കൊടുത്തും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും നെതന്യാഹു പറഞ്ഞു.

“മാനുഷിക പരിഗണനകളും സഹായവും നല്‍കുന്നതില്‍ ഒരു കുറവുമുണ്ടാവുകയില്ല. പക്ഷെ സിറിയന്‍ പൗരന്മാര്‍ അതിര്‍ത്തി ലംഘിച്ചു ഇസ്രഈലിലേക്ക് കടന്നുവരുന്നത് അനുവദിക്കാനാവില്ല” നെതന്യാഹു അറിയിച്ചു.

വിമതസേനകളുടെ അധീനതയിലുള്ള ഗ്രാമങ്ങളില്‍ ജൂണ്‍ 19നു സൈന്യം ആരംഭിച്ച കടുത്ത ആക്രമണത്തെ തുടര്‍ന്ന് പതിനായിരങ്ങളാണ് സിറിയയില്‍ നിന്നും പലായനം ചെയ്തത്.


Also Read: ബിഷപ്പ് പീഡിപ്പിച്ചുവെന്ന് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നു; കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൈയ്യൊഴിഞ്ഞെന്നും കന്യാസ്ത്രീയുടെ മൊഴി


1,60,000 പേരാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് അന്യനാടുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രാഥമിക കണക്കുകളില്‍ പറയുന്നത്.

പലായനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളില്‍ ചിലര്‍ ഇസ്രഈല്‍ അധീനതയിലുള്ള ജൂലാന്‍ കുന്നുകളില്‍ താല്‍ക്കാലിക ക്യാംപുകളൊരുക്കി താമസമാരംഭിച്ചിരുന്നു. ഇതിനെതിരെയാണ് നെതന്യാഹു നിലപാട് കടുപ്പിച്ചിരിക്കുന്നത്. “എന്തു വില കൊടുത്തും ഇസ്രാഈല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കും” നെതന്യാഹു അറിയിച്ചു.

ജൂലാന്‍ കുന്നുകള്‍ ഇസ്രഈലിന്റെ കീഴിലുള്ള പ്രദേശമാണെന്ന് രാജ്യാന്തര സമൂഹമോ ഐക്യരാഷ്ട്ര സംഘടനയോ അംഗീകരിച്ചിട്ടില്ല. 1967ലെ സിറിയയുമായുള്ള യുദ്ധത്തിനു ശേഷമാണ് ഈ പ്രദേശം തങ്ങളുടെ ഭാഗമായതായി ഇസ്രഈല്‍ പ്രസ്താവിച്ചത്. പക്ഷെ ഈ തീരുമാനത്തിന് ഇതുവരെയും മറ്റു രാജ്യങ്ങളുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.


Also Read: ലത്തൂരില്‍ ദളിത്-മറാത്ത സംഘര്‍ഷം: ഗ്രാമത്തില്‍ ദളിതരെ ഒറ്റപ്പെടുത്തുന്നെന്ന് ആരോപണം


അതുകൊണ്ട് തന്നെ ജൂലാന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച ഇസ്രഈലിന്റെ പുതിയ തീരുമാനം എങ്ങിനെയാണ് നടപ്പിലാവുക എന്ന് വ്യക്തമായിട്ടില്ല.

സിറിയയുടെ മറ്റു അയല്‍രാജ്യങ്ങളായ തുര്‍ക്കി 3.5 മില്യണ്‍ സിറിയന്‍ പൗരന്മാര്‍ക്കും ജോര്‍ദാന്‍ 6,70,000 പേര്‍ക്കും ലെബനന്‍ ഒരു മില്യണ്‍ പേര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more