ദമാസ്‌കസ്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇതാദ്യമായല്ല അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പുതിയ റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഐ.എസ്സിന്റെ ഔദ്യോഗിക മാധ്യമവിഭാഗമായ അമാക്വ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
റാക്വയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് സിറിയന്‍ മാധ്യമത്തിന്റെ അവകാശവാദം. ഈ ആക്രമണത്തില്‍ ഏഴോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റാക്വയില്‍ നടന്ന വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ കത്തിയമരുന്നത് ദൃശ്യങ്ങളില്‍ കാണാം.
25 ദശലക്ഷം യു.എസ്. ഡോളര്‍ തലയ്ക്ക് വിലയുള്ള ഭീകരനാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. മൊസൂളിന് പുറത്ത് വടക്കന്‍ ഇറാക്കിലെ ഏതോ മരുഭൂമിയിലാണ് ബാഗ്ദാദി ഒളിവില്‍ കഴിയുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നാല്‍ ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ പറയുന്നത് ഇറാഖ് സേന നഗരം പിടിച്ചെടുത്തപ്പോള്‍ ബാഗ്ദാദി ഒളിത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ്. വടക്കന്‍ ഇറാഖിലുണ്ടായ വ്യോമാക്രമണത്തില്‍ ഭീകരനേതാവിന് ഗുരുതരമായി പരുക്കേറ്റുവെന്ന് ജനുവരിയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വീഡിയോ കാണാം: