| Sunday, 8th December 2024, 2:19 pm

അധികാരം 'വിമതര്‍'ക്ക് കൈമാറി സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസ് ‘വിമതസംഘം’ പിടിച്ചെടുത്തതിന് പിന്നാലെ അധികാരം ‘വിമതര്‍’ക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. അധികാര കൈമാറ്റത്തിന്റെ ഭാഗമായി ജലാലി ഔദ്യോഗിക വസതി ഒഴിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമതര്‍ സിറിയ പിടിച്ചടുക്കി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെതന്നെ താന്‍ ‘വിമതസംഘ’വുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അല്‍ ജലാലി വ്യക്തമാക്കിയിരുന്നു. ഭരണകൂടങ്ങളുടെ സമഗ്രത നിലനിര്‍ത്തിക്കൊണ്ട് സുഗമമായ രീതിയില്‍ അധികാര കൈമാറ്റം നടത്താന്‍ തയ്യാറാണെന്നും അതിനുള്ള കടമ ഭരണകൂടത്തിനുണ്ടെന്നും ജലാലി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമവും ചിട്ടയായതുമായ മാറ്റം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത്, പ്രതിപക്ഷത്തേക്ക് മാറാനും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാനും ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങളോട് പൊതുസ്വത്ത് സംരക്ഷിക്കാനും അല്‍ ജലാനി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസ്വത്ത് സംരക്ഷിക്കേണ്ടെത് എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും തന്റെ വീട്ടില്‍ തന്നെയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡമസ്‌കസിലടക്കം ജനങ്ങള്‍ പ്രസിഡന്റിന്റെ പ്രതിമ തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. അസദ് ഭരണം അവസാനിച്ചതിന്റ ആഘോഷസൂചകമായി ആയിരത്തിലധികം പേരാണ് ഡമസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നത്.

54 വര്‍ഷമായി സിറിയയില്‍ അധികാരത്തില്‍ ഇരിക്കുന്ന അസദ് കുടംബത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് വിമത ഗ്രൂപ്പായ ഹയാത്ത് അല്‍ തഹ്രീല്‍ അല്‍ ഷാം അധികാരത്തിലേറുന്നത്. 1971 മുതല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് ആയിരുന്നു അധികാരത്തില്‍. 2000ത്തിലാണ് ബാഷര്‍ അധികാരത്തിലേറുന്നത്.

‘വിമതസംഘം’ പുറത്തിറക്കിയ പ്രസ്താവനയില്‍ കഴിഞ്ഞ 50 വര്‍ഷത്തോളമായി ബാത്തിസ്റ്റ് ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യം ഏകാധിപത്യത്തിന്റ കീഴില്‍ ആണെന്നും 13 വര്‍ഷത്തെ കുറ്റകൃത്യം, കുടിയൊഴിപ്പിക്കല്‍, സ്വേച്ഛാധിപത്യം എന്നിവയെല്ലാം അതിജീവിച്ച് വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ശേഷമാണ് സിറിയയയിലെ ഇരുണ്ട യുഗം അവസാനിച്ചതെന്നും ഇനി പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും പറയുന്നുണ്ട്.

Content Highlight: Syrian Prime Minister Mohammad Al-Jalali handed over power to the rebels

We use cookies to give you the best possible experience. Learn more