| Wednesday, 17th November 2021, 8:27 am

സിറിയയില്‍ ഇസ്‌ലാമിക് അതോറിറ്റിക്കെതിരെ പ്രസിഡന്റ്; ഗ്രാന്‍ഡ് മുഫ്തി പദവി നീക്കം ചെയ്ത് ബാഷര്‍ അല്‍-അസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: സിറിയന്‍ അറബ് റിപബ്ലിക്കിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി നീക്കം ചെയ്ത് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ്. ഗ്രാന്‍ഡ് മുഫ്തി അഹ്മദ് ബാദ്ര് അല്‍-ദിന്‍ ഹസൗനിന്റെ പദവിയാണ് നീക്കം ചെയ്തത്.

എന്നാല്‍ തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

ഗ്രാന്‍ഡ് മുഫ്തി എന്നത് സിറിയയിലെ ഏറ്റവും ഉന്നത ഇസ്‌ലാമിക് അതോറിറ്റിയും സുന്നി മുസ്‌ലിങ്ങളുടെ പ്രതിനിധിയുമാണ്.

സിറിയയിലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 35ഉം പുതിയ ഉത്തരവില്‍ റദ്ദാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് മുഫ്തിയ്ക്ക് കീഴില്‍ രാജ്യത്തെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ആര്‍ട്ടിക്കിള്‍ 35 പ്രകാരമായിരുന്നു.

അഹ്മദ് ഹസൗനിനെ നിര്‍ബന്ധിത വിരമിക്കലിലേക്ക് നയിക്കുന്നതാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം.

ഖുര്‍ആന്‍ വചനങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിന് ഹസൗനിനെതിരെ നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിറിയന്‍ ഗായകന്‍ സബാഹ് ഫക്രിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഗ്രാന്‍ഡ് മുഫ്തി ഖുര്‍ആന്‍ വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു എന്നായിരുന്നു ആരോപണം.

2005ലാണ് അഹ്മദ് ഹസൗന്‍ ഗ്രാന്‍ഡ് മുഫ്തി പദവിയിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Syrian President effectively abolished the position of republic’s grand mufti

We use cookies to give you the best possible experience. Learn more