യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അബൂബക്കര്‍ അല്‍-ബാഗ്ദാദി തന്നെയെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്റെ അടിവസ്ത്രം മോഷ്ടിച്ചിരുന്നെന്ന് കുര്‍ദ് സൈനിക ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.
ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ തങ്ങള്‍ ഏതെല്ലാം വഴികളാണ് സ്വീകരിച്ചതെന്ന് വിവരിക്കുമ്പോഴാണ് കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവ് പൊലാട്ട് കാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘അന്വേഷണ ഏജന്‍സിയായ സി.ഐ.എയ്‌ക്കൊപ്പം മെയ് 15 മുതല്‍ ബാഗ്ദാദിക്കായി ഞങ്ങള്‍ വല വിരിക്കുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചു’
‘വളരെ കുറഞ്ഞ കാലയളവുകളില്‍ ബാഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി’. ബാഗ്ദാദി ഒടുവില്‍ ഒളിച്ച സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു.
‘മരിച്ചത് ബാഗ്ദാദിതന്നെയെന്ന് നൂറുശതമാനം ഉറപ്പിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനായി അദ്ദേഹത്തിന്റെ അടിവസ്ത്രം ശേഖരിച്ചിരുന്നു. ബാഗ്ദാദിയെവരെ നിരീക്ഷിക്കാനാവുന്ന ഞങ്ങളുടെ ഉറവിടങ്ങളാണ് അത് ചെയ്തത്’, പൊലാട്ട് ട്വിറ്ററില്‍ കുറിച്ചു.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിങിന്റെ പ്രവര്‍ത്തന ഫലമായാണ് യു.എസ് സൈന്യത്തിന്റെ നീക്കം വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു.
‘അവസാന മിനുട്ടുവരെ സംഘത്തോടൊപ്പം ഞങ്ങളുടെ ടീമഗംങ്ങളുമുണ്ടായിരുന്നു. വ്യോമസേനക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഓപ്പറേഷന് നേതൃത്വം നല്‍കിയും ഞങ്ങള്‍ പ്രവര്‍ത്തിച്ചു’, പൊലാട്ട് വിശദീകരിച്ചു.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയില്‍ ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയാണ് സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയുടെ താവളം ലക്ഷ്യംവെച്ച് ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ