| Tuesday, 17th December 2024, 7:34 pm

സിറിയയെ കേന്ദ്രമാക്കി ഇസ്രഈലിനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ജുലാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: ഇറാനടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് പരോക്ഷമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി സിറിയയില്‍ അധികാരം പിടിച്ച ഹയാത്ത് അല്‍ തെഹ്‌രീര്‍ അല്‍ ഷാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി. സിറിയയെ താവളമാക്കി ഇസ്രഈലിനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നാണ് ജുലാനി പറഞ്ഞത്.

ദി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജുലാനിയുടെ വെളിപ്പെടുത്തല്‍. ഇസ്രഈലുമായി ഒരു തരത്തിലുള്ള സംഘര്‍ഷത്തിനും താത്പര്യമില്ലെന്നും എന്നാല്‍ ഇസ്രഈല്‍ സിറിയയില്‍ നിന്ന് കൈയേറിയ പ്രദേശങ്ങളില്‍ നിന്ന് പിന്മാറണമെന്നും ജുലാനി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ നിലവിലെ സ്ഥിതികള്‍ പരിഗണിച്ച് സിറിയയുടെ പുനര്‍നിര്‍മാണത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും അല്ലാതെ ആരുമായും സംഘര്‍ഷത്തിന് താത്പര്യമില്ലെന്നും പറഞ്ഞ ജുലാനി സിറിയയെ ആക്രമണത്തിനുള്ള താവളമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

1947ലെ ഇസ്രഈല്‍-സിറിയ കരാറില്‍ ഉറച്ച് നിന്ന് യു.എന്‍ ദൈത്യസംഘത്തെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 13 വര്‍ഷത്തില്‍ അധികമായി നീണ്ടുനിന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ അവസ്ഥ മോശമാണെന്നും അതില്‍ നിന്നൊരു ഇടവേള എടുക്കാനാണ് സിറിയന്‍ ജനത ആഗ്രഹിക്കുന്നതെന്നും ജുലാനി പറയുകയുണ്ടായി.

അതിനാല്‍ തന്നെ അസദിന്റെ പലായനത്തിന് ശേഷം ഇസ്രഈല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ നല്‍കണമെന്നും മറ്റ് ലോകരാജ്യങ്ങള്‍ സിറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങല്‍ പിന്‍വലിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.

ഇസ്രഈലിനോട് ആക്രമണത്തിന് താത്പര്യമില്ലെന്ന് ഇതിന് മുമ്പും ജുലാനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിന്ന് ഹിസ്ബുല്ലയുടേയും ഇറാന്റെയും സ്വാധീനം നഷ്ടമായതിനാല്‍ ഇസ്രഈലിന് സിറിയയെ ആക്രമിക്കിക്കാന്‍ കാരണമൊന്നുമില്ലെന്നും ജുലാനി പറഞ്ഞിരുന്നു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിന് ശേഷം ഇസ്രഈല്‍ ചുരുങ്ങിയ ദിസത്തിനുള്ളില്‍ സിറിയയിലുടനീളം 800 ഓളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തില്‍ സിറിയയിലെ വ്യോമസേനത്താവളങ്ങളടക്കം നശിച്ചിരുന്നു. ഇതിന് പുറമെ തന്ത്ര പ്രധാനമായ ഗോലാന്‍ കുന്നുകളിലെ ഭൂപ്രദേശങ്ങള്‍വരെ ഇസ്രഈല്‍ കൈയടക്കി.

Content Highlight: Syria wont be used as a center for attacks on Israel says HTS leader Julani

We use cookies to give you the best possible experience. Learn more