തുർക്കിയുമായി സിറിയ തന്ത്രപരമായ ബന്ധം സ്ഥാപിക്കും: എച്ച്.ടി.എസ് നേതാവ്
World News
തുർക്കിയുമായി സിറിയ തന്ത്രപരമായ ബന്ധം സ്ഥാപിക്കും: എച്ച്.ടി.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 9:19 am

ഡമാസ്കസ്: തുർക്കിയുമായി സിറിയ തന്ത്രപരമായ ബന്ധം വളർത്തിയെടുക്കുമെന്ന് ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌.ടി.എസ്) നേതാവ് അഹമ്മദ് അൽ-ഷാറ. തുർക്കിയിൽ അഭയം തേടിയ സിറിയക്കാർക്ക് മറ്റെവിടെയുള്ളതിനേക്കാളും മികച്ച പരിഗണനയാണ് ലഭിച്ചതെന്ന് അബു മുഹമ്മദ് ജുലാനി എന്ന പേരിൽ അറിയപ്പെടുന്ന അഹമ്മദ് അൽ-ഷാറ പറഞ്ഞു.

‘സിറിയ തുർക്കിയുടെ ഈ ദയ മറക്കില്ല. തുർക്കിയുമായി ഞങ്ങൾ തന്ത്രപരമായ ബന്ധങ്ങൾ ഉണ്ടാക്കും. പരസ്പര വാണിജ്യ ബന്ധങ്ങളും ഉണ്ടാകും, ‘ എച്ച്.ടി.എസ് നേതാവ് തുർക്കി പത്രമായ യെനി സഫക്കിനോട് പറഞ്ഞു.

സിറിയയിലെ വിപ്ലവത്തിൻ്റെ വിജയവും തുർക്കി ജനതയുടെ ആഘോഷത്തിന് കാരണമായെന്നും ഷറ കൂട്ടിച്ചേർത്തു. ഈ വിജയം സിറിയൻ ജനതയുടെ മാത്രമല്ല, തുർക്കി ജനതയുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തുർക്കിയിൽ മൂന്ന് ദശലക്ഷത്തോളം സിറിയൻ അഭയാർത്ഥികൾക്ക് ഉണ്ട്. എന്നാൽ തുർക്കി ഉദ്യോഗസ്ഥർ പറയുന്നത്, രാജ്യത്തുള്ള സിറിയക്കാരുടെ എണ്ണം അഞ്ച് ദശലക്ഷത്തിനടുത്താണ് എന്നാണ്. മറ്റ് ഇസ്‌ലാമിക രാജ്യങ്ങളിലേക്ക് വിപ്ലവം വ്യാപിപ്പിക്കാൻ ഉദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ തൻ്റെ പ്രസ്ഥാനത്തിന് അവകാശമില്ലെന്ന് ജുലാനി പറഞ്ഞു.

2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്. 11 ദിവസത്തെ ഇടവേളയില്‍ സിറിയയിലെ നാല് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്.

ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും ‘വിമതര്‍’ കൈക്കലാക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസും ‘വിമതസംഘം’ പിടിച്ചടക്കുകയായിരുന്നു. ഇതിന് പിന്നാലെ അസദ് രാജ്യം വിടുകയായിരുന്നു.

 

Content Highlight: Syria will establish strategic relations with Turkey, says HTS leader