'സൈനിക നടപടികളെ പ്രതിരോധിക്കും. ഇതൊരു ഭീഷണിയല്ല, ഞങ്ങളുടെ വാക്കാണ്', യു.എസിന് താക്കീതുമായി സിറിയ
Syria
'സൈനിക നടപടികളെ പ്രതിരോധിക്കും. ഇതൊരു ഭീഷണിയല്ല, ഞങ്ങളുടെ വാക്കാണ്', യു.എസിന് താക്കീതുമായി സിറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 12:15 am

ന്യൂയോര്‍ക്ക്: പാശ്ചാത്യര്‍ സൈനിക നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റു വഴികള്‍ തങ്ങള്‍ക്കില്ലെന്ന് സിറിയ. വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കവെയാണ് സിറിയന്‍ പ്രതിനിധി ബാഷര്‍ ജാഫരിയുടെ മുന്നറിയിപ്പ്. “ഇതൊരു ഭീഷണിയല്ല; ഞങ്ങളുടെ വാക്കാണ്”, അദ്ദേഹം സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ 51 ാം ആര്‍ട്ടിക്കിള്‍ പ്രകാരം ആക്രമണത്തിന് വിധേയമാകുന്ന രാജ്യത്തിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും സിറിയന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങള്‍ സൈനിക നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍, “സ്വയം സംരക്ഷിക്കുന്നതിനുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 51 പ്രയോഗിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റു വഴികളില്ല,” ജാഫരി പറഞ്ഞു.


Also Read: എപ്പോഴും ചൈനയുമായി താരതമ്യം ചെയ്യുന്നത് ഇന്ത്യയോട് കാണിക്കുന്ന അന്യായം: രഘുറാം രാജന്‍


ഡൗമയില്‍ ശനിയാഴ്ച നടന്ന വിഷ വാതക ആക്രമണത്തെതുടര്‍ന്ന് സിറിയക്കെതിരായി സംയുക്ത സൈനിക നടപടികള്‍ നടപ്പിലാക്കാന്‍ യു.എസ് നേതൃത്വത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ചര്‍ച്ചചെയ്തിരുന്നു. അതേസമയം, സൈനിക നടപടിയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇനിയും രാസായുധാക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇടപെടുമെന്നും യു.എസ് പ്രതിനിധി നിക്കി ഹെയ്‌ലി വ്യക്തമാക്കി.

എന്നാല്‍, ഏപ്രില്‍ 7ന് ഡൗമയില്‍ വിഷവാതക ആക്രമണം നടന്നു എന്ന ആരോപണം സിറിയയും റഷ്യയും നിരാകരിച്ചിട്ടുണ്ട്. സിറിയയില്‍ നിലയുറപ്പിക്കാനുള്ള അമേരിക്കന്‍ സൈനിക നീക്കത്തെ ഒരുതരത്തിലും അനുവദിക്കില്ലെന്ന് റഷ്യ പ്രതികരിച്ചു.

 


Watch DoolNews Video: