ഇദ്‌ലിബ്: പുറത്തു നിന്നും ശബ്ദം കേള്‍ക്കുമ്പോള്‍ ഒരച്ഛന്‍ കുട്ടിയോട് ചോദിക്കുന്നു. അതെന്താണ്?
അതെന്താണ്? ബോംബാണോ ജെറ്റാണോ?
‘ഒരു ബോംബ്’ കുട്ടി മറുപടി പറയുന്നു.
‘ബോംബുകള്‍ പൊട്ടുമ്പോള്‍ നമ്മള്‍ പൊട്ടിച്ചിരിക്കും,’ അച്ഛന്‍ മറുപടി പറയുന്നു.
കുട്ടി പൊട്ടിച്ചിരിക്കുന്നു.
ഇത് നിന്നെ ചിരിപ്പിക്കുന്നുണ്ടോ? ‘അതെ ഇത് വളരെ തമാശയാണ്’ കുട്ടി മറുപടി പറയുന്നു.
സിറിയയിലെ ഇദ്‌ലിബ് സംഘര്‍ഷമേഖലയില്‍ താമസിക്കുന്ന ഒരച്ഛന്റെയും മകളുടെയും സംഭാഷണ ഭാഗമാണിത്. വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സല്‍വ എന്ന മൂന്നുവയസ്സുകാരിയും അബ്ദുല്ല മുഹമ്മദ് എന്ന സല്‍വയുടെ അഛനും ആയിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
താമസിക്കുന്ന വീടിനു സമീപത്തു നിന്നും ഇടയ്ക്കിടെ ബോംബുകള്‍ പൊട്ടുമ്പോള്‍ മൂന്നു വയസ്സുള്ള തന്റെ കുട്ടി കരഞ്ഞ് പേടിക്കാതിരിക്കാന്‍ വേണ്ടി അബ്ദുല്ല മുഹമ്മദ് തന്റെ കുട്ടിയെ പഠിപ്പിച്ച ഒരു ശീലമാണിത്. യുദ്ധക്കെടുതിയുടെ നിസ്സഹായവസ്ഥയില്‍ നിന്നു കൊണ്ടും പൊട്ടിച്ചിരിക്കുന്ന സല്‍വയും അച്ഛനും അതിവേഗം വാര്‍ത്തകളില്‍ ഇടം നേടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇനി മുതല്‍ സല്‍വയ്ക്ക് ബോംബുകള്‍ പൊട്ടുന്നത് കേള്‍ക്കേണ്ടി വരില്ല. സല്‍വയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ട തുര്‍ക്കി ഗവണ്‍മെന്റ് സല്‍വയ്ക്കും കുടുംബത്തിനു തുര്‍ക്കിയില്‍ അഭയം നല്‍കിയിരിരിക്കുന്നു.
തുര്‍ക്കി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ഇദ്‌ലിബില്‍ നിന്നും തുര്‍ക്കി അതിര്‍ത്തി കടന്നിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയിലെ ഒരഭയാര്‍ത്ഥി ക്യാമ്പിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. ഒപ്പം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറും തുര്‍ക്കിയില്‍ വെച്ച് ഇവരെ സമീപിച്ചിട്ടുണ്ട്.
ആദ്യമായി അവള്‍ക്ക് സാധാരണ കാര്യങ്ങള്‍ കണ്ട് പൊട്ടിച്ചിരിക്കാം എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബേതന്‍ കേര്‍ണന്‍ സല്‍വയുടെയും അച്ഛന്റെയും ഫോട്ടോ പങ്കു വെച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്.
തുര്‍ക്കിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും സല്‍വയ്ക്ക് ഇനി മുതല്‍ സ്‌കൂളില്‍ പോകാന്‍ പറ്റുമെന്നുമാണ് അബ്ദുല്ല മുഹമ്മദ് തുര്‍ക്കിഷ് മാധ്യമമത്തോട് പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സിറിയയിലെ സംഘര്‍ഷം എത്രയും പെട്ടന്ന് അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷ, അങ്ങനെയെങ്കില്‍ എനിക്ക് നാട്ടിലേക്ക് തിരിച്ചു പോവാം,’ അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
സിറിയന്‍ വിമതരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം നിരവധി പേര്‍ ഇദ്‌ലിബില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഒപ്പം നിരവധി പേര്‍ തുര്‍ക്കിയിലേക്ക് പാലായനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം ഒരു ലക്ഷം സിറിയന്‍ ജനതയാണ് തുര്‍ക്കിയിലേക്ക് പാലായനം ചെയ്തത്.