| Friday, 28th February 2020, 8:06 am

സിറിയയിലെ വിമത പ്രദേശങ്ങളില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇദ്‌ലിബ്: സിറിയന്‍ സൈന്യം നടത്തിയ വ്യോമക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് എന്ന തര്‍ക്കപ്രദേശത്താണ് വ്യോമാക്രമണം നടന്നത്. ഇതുവരെ 33 സൈനികര്‍ കൊല്ലപ്പെട്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് തുര്‍ക്കിയില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി സിറിയക്കെതിരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് റെച്ചപ് തയ്യിപ് എര്‍ദോഗന്‍ നടത്തിയ അടിയന്തരയോഗത്തിന് ശേഷമാണ് തുര്‍ക്കി സിറിയന്‍ സൈനികര്‍ക്ക് എതിരെ ആക്രമണം ആരംഭിച്ചത്.

തുര്‍ക്കി സൈനികരുടെ പിന്തുണയോടെ വിമതസംഘം ഇദ്‌ലിബ് എന്ന പ്രദേശം കൈയ്യടക്കിയിരുന്നു. ഇദ്‌ലിബ് തിരിച്ചുപിടിക്കാനാണ് സിറിയന്‍ സൈന്യത്തിന്റെ ശ്രമം. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം വിമതരെ നേരിടുന്നത്. വിമതരുടെ കീഴിലുള്ള അവസാന പ്രദേശമാണ് ഇദ്‌ലിബ്. സിറിയന്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യോമാക്രമണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുര്‍ക്കി സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നും സിറിയന്‍ സൈന്യം പിന്‍വാങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ മുന്‍ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സിറിയന്‍ സൈന്യത്തിനെതിരെ ആക്രമണം നടക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിറിയ സര്‍ക്കാരും റഷ്യയും ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. 2018ലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന് സിറിയ അറിയിച്ചു. വിമത സായുധസേനകള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ തുര്‍ക്കി വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുകയാണെന്ന് റഷ്യയും ആരോപിച്ചിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more