| Tuesday, 7th February 2023, 9:38 pm

സിറിയ-തുർക്കി ഭൂചലനം;കനത്ത നാശനഷ്ടം നേരിട്ട് നിരവധി പ്രമുഖ ചരിത്ര ശേഷിപ്പുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്കസ്/അങ്കോറ: തുർക്കിയിലെ സിറിയൻ അതിർത്തിയോട് ചേർന്ന ഗാസിയാൻടൈപ്പിൽ രൂപം കൊണ്ട ഭൂചലനത്തിൽ വ്യാപകമായ നാശ നഷ്ടമാണ് സിറിയയിലും തുർക്കിയിലും സംഭവിച്ചിരിക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേരാണ് രണ്ട് രാജ്യങ്ങളിലുമായി ഇതുവരെ മരണപ്പെട്ടിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റിക്ടർ സ്കെയ്ലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം സംഭവിച്ചത്. ഇത് കഴിഞ്ഞ് 12 മണിക്കൂറുകൾക്ക് ശേഷം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൂടി സംഭവിച്ചതോടെ ഇരു രാജ്യങ്ങളിലും നാശ നഷ്ടങ്ങൾ രൂക്ഷമാവുകയായിരുന്നു.

എന്നാൽ തീവ്രതയേറിയ ഈ ഭൂചലനത്തിലൂടെ ചരിത്ര പ്രധാനമായ പല ശേഷിപ്പുകളും ഭൂമുഖത്ത് നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെ നടന്ന ഭൂചലനത്തിന് പിന്നാലെ തുർക്കിയിലെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഗേസിയൻറ്റാപ്പ് (Gaziantep) കോട്ടക്ക് കനത്ത നാശ നഷ്ടം സംഭവിച്ചിരുന്നു. ബി.സി രണ്ടാം സഹസ്രാബ്ദത്തിൽ തുർക്കിയിൽ നിലനിന്നിരുന്ന ഹിറ്റയ്റ്റ്സ് (Hittite) രാജവംശത്തിന്റെ നിരീക്ഷണ ഗോപുരമെന്ന നിലയിലാണ് ചരിത്രത്തിൽ ഗേസിയൻറ്റാപ്പ് കോട്ടയുടെ പ്രാധാന്യം.

തുർക്കി റോമൻ സാമ്രാജ്യത്തിന് കീഴിൽ വന്ന ശേഷം ഏ.ഡി മൂന്നാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിമാരാണ് ഗേസിയൻറ്റാപ്പ് കോട്ട വിപുലീകരിച്ചത്.

Aleppo citadel

തുർക്കിയുടെ തെക്ക് കിഴക്കൻ മേഖലയിലെ മലറ്റിയ (malatya) നഗരത്തിലെ യേനി മസ്ജിദിനും തിങ്കളാഴ്ച നടന്ന ഭൂചലനത്തിൽ വലിയ കേടുപാടുണ്ടായി.
പതിനേഴാം നൂറ്റാണ്ടിൽ ഒട്ടോമൻ തുർക്കികൾ നിർമിച്ച ഈ പള്ളിയിൽ അക്കാലം മുതൽ തന്നെ വിശ്വാസികൾ തുടർച്ചയായി ആരാധന നടത്തിപ്പോന്നിരുന്നതാണ്.

ഇവയെക്കൂടാതെ തുർക്കിയുടെ ഹത്തായി (Hatay) പ്രവിശ്യയിലെ ഇസ്ക്കാന്തറൂൺ (Iskenderun) ജില്ലയിലെ പുരാതനമായ ലത്തീൻ കത്തോലിക്ക പള്ളിക്കും ഭൂചലനത്തിൽ ഗുരുതരമായ കേടുപാടുകൾ ഉണ്ടായി.

Yeni Mosque

തുർക്കിയെ കൂടാതെ സിറിയയിലും ഭൂചലനത്തെ തുടർന്ന് നിരവധി ചരിത്ര സ്മാരകങ്ങൾക്ക് നാശ നഷ്‌ടമുണ്ടായിട്ടുണ്ട്.
അതിൽ ഏറ്റവും വലിയ തകർച്ച നേരിട്ടത് സിറിയയിലെ ഏറ്റവും വലുതും പുരാതനവുമായ കോട്ടയായ അലെപ്പോ സിറ്റാഡലിനാണ് (Aleppo’s Citadel).

ഭൂചലനത്തെ തുടർന്ന് മധ്യ കാല നിർമിതിയായ ഈ കോട്ടയുടെ പ്രവേശന കവാടത്തിനും മതിലുകൾക്കും വലിയ നാശനഷ്ടമുണ്ടായി.
ബി.സി മൂന്നാം സഹസ്രാബ്ദത്തിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായിരുന്നു.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള കേന്ദ്രങ്ങളുടെ പട്ടികയിലും അലെപ്പോ സിറ്റാഡൽ ഇടം പിടിച്ചിട്ടുണ്ട്.

Content Highlights:Syria-Turkey earthquake; Many prominent historica places are broken

We use cookies to give you the best possible experience. Learn more