ഡമസ്‌കസ്: സിറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇനിയും നാല് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് അധികാരം പിടിച്ച ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി. സൗദി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അല്‍ അറബിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുലാനി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് യോഗ്യരായ വോട്ടര്‍മാരുടെ എണ്ണം കൃത്യമായി മനസിലാക്കി പുതിയ സെന്‍സസ് നടത്തേണ്ടതിനാല്‍ നാല് വര്‍ഷത്തെ സാവകാശം വേണമെന്ന് ജുലാനി പറഞ്ഞു. ‘അര്‍ത്ഥവത്തായ ഏതൊരു തെരഞ്ഞെടുപ്പിനും സമഗ്രമായ ജനസംഖ്യാ സെന്‍സസ് ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ജുലാനി സിറിയയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ടൈംലൈന്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പിന് പുറമെ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ സിറിയക്കാര്‍ തങ്ങളുടെ രാജ്യത്ത് കാര്യമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ജുലാനി കൂട്ടിച്ചേര്‍ത്തു. സിറിയയുടെ നിയമസംവിധാനം പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും ജുലാനി അഭിമുഖത്തിനിടെ പറയുകയുണ്ടായി.
സിറിയയിലെ ഏറ്റവും പ്രബലമായ സൈനിക, രാഷ്ട്രീയ ഗ്രൂപ്പായ എച്ച്.ടി.എസിനെ ഒരു ദേശീയ ഡയലോഗ് കോണ്‍ഫറന്‍സില്‍വെച്ച് പിരിച്ചുവിടുമെന്നും ജുലാനി അഭിമുഖത്തിനിടെ പറഞ്ഞു. എന്നാല്‍ ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അമേരിക്കയില്‍ അധികാരമേറ്റാല്‍ സിറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജുലാനി പ്രതികരിച്ചു.
അതേസമയം അടുത്തിടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികളും എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാഴ്ചയ്ക്കിടെ 300 ഓളം പേര്‍ രാജ്യത്ത് അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Syria’s next elections could take up to four years says HTS leader Abu Mohammad al-Julani