ഡമാസ്‌കസ്: സ്വന്തം അതിർത്തിയെ പ്രതിരോധിക്കാൻ ഇസ്രഈലുമായി ഒരു യുദ്ധത്തിന് തങ്ങൾ പൂർണമായും തയ്യാറെടുത്തിട്ടുണ്ടെന്ന് സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്ദാദ്.
ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയനുമായി ഡമാസ്‌കസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മെക്ദാദ്. ഗസയിലെ ഇസ്രഈൽ യുദ്ധത്തിൽ ഫലസ്തീനികൾക്ക് സംയുക്തമായി പിന്തുണ നൽകുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
1948 മുതൽ ഇസ്രഈലിനെതിരെ തങ്ങൾ പ്രതിരോധം നടത്തുന്നുണ്ടെന്ന് മെക്ദാദ് പറഞ്ഞു. 1948ൽ പുതുതായി ജൂത രാഷ്ട്രം സ്ഥാപിതമായപ്പോൾ നിരവധി അറബ് രാജ്യങ്ങളും ഇസ്രഈലും തമ്മിൽ യുദ്ധം നടന്നിരുന്നു.
‘ഇസ്രഈലി അധിനിവേശത്തിനെതിരെ സിറിയ നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഇനിയും യുദ്ധത്തിൽ പോരാടാൻ തയ്യാറാണ്. എപ്പോഴെന്നും എങ്ങനെയെന്നും തീരുമാനിക്കും,’ മെക്ദാദ് പറഞ്ഞു.
1967 മുതൽ ഇസ്രഈലിന്റെ നിയന്ത്രണത്തിലായ ദക്ഷിണ പടിഞ്ഞാറൻ സിറിയയിലെ ഗോലാൻ കുന്നുകളുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ഗോലാൻ കുന്നുകളിലെ ഇസ്രഈലി അധിനിവേശം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും വിമോചന പ്രവർത്തനങ്ങൾക്ക് വേണ്ടി എന്ത് വില നൽകാനും സിറിയ തയ്യാറാണെന്നും മെക്ദാദ് പറഞ്ഞു.
സിറിയയിലെ യു.എസ്, തുർക്കി സേനകളുടെ സാന്നിധ്യം നിയമവിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെയുണ്ടായ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി സിറിയയിൽ ഈ മാസം യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ജനുവരി 28ന് ജോർദാനിലെ ഔട്പോസ്റ്റിൽ നടന്ന ബോംബാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും ഇറാൻ പിന്തുണയ്ക്കുന്ന വിമത സംഘമാണ് ഇതിന് പിന്നിലെന്നും യു.എസ് ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ പ്രദേശത്ത് യു.എസ് നടത്തിയ ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്ന് സിറിയ പറഞ്ഞു.
Content Highlight: Syria ready for ‘wars’ with Israel – FM