ദമാസ്‌കസ്: പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഫാരിദ് ഹിജാബ് വിമതപക്ഷത്തേക്ക് കൂറുമാറി. കൊലപാതക ഭരണകൂടത്തില്‍നിന്ന് മാറി സ്വതന്ത്ര വിപ്ലവകാരികളോടൊപ്പം ചേരുന്നതായി അദ്ദേഹം തിങ്കളാഴ്ച പ്രഖ്യാപിച്ചു. []
ബാഷര്‍ അല്‍ അസദിനെ രൂക്ഷമായാണ് ഹിജാബ് വിമര്‍ശിച്ചത്. സ്വന്തം ജനതയെ തന്നെ കൂട്ടക്കുരുതി നടത്തുകയാണ് അസദ് ചെയ്യുന്നത്. നാല് ദശാബ്ദം നീണ്ട അസദ് കുടുംബത്തിന്റെ ഭരണം തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഗുരുതരമായ യുദ്ധകൊലകളാണ് സിറിയയില്‍ നടക്കുനടക്കുന്നത്. നിരായുധരായ ജനത കൂട്ടക്കുരുതികള്‍ക്കും മൃഗീയ കൊലയ്ക്കും ഇരയാവുകയാണ്. ” ഹിജാബ് പറഞ്ഞു.
മേയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജൂണിലാണ് ഹിജാബ് അധികാരമേല്‍ക്കുന്നത്. കൃഷിമന്ത്രിയായിരുന്ന ഹിജാബിനെ പ്രസിഡന്റ് പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. 1998 മുതല്‍ അദ്ദേഹം ഭരണപക്ഷമായ ബഅസ് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ലാദിഖിയ്യയില്‍ ആദ്യ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സമയത്ത് അവിടുത്തെ ഗവര്‍ണറായിരുന്നു ഹിജാബ്. വിമതപക്ഷത്തേക്ക് കൂറുമാറുന്ന ആദ്യ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിമതപക്ഷത്തേക്ക് ചേരുന്നതായി പ്രഖ്യാപിച്ച ഹിജാബ് ജോര്‍ദാനിനിലേക്ക് പലായനം ചെയ്തു. ഹിജാബിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി നേരത്തേ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇക്കാര്യം അദ്ദേഹത്തിന്റെ വക്താവ് മുഹമ്മദുല്‍ എത്രി നിഷേധിച്ചു. പ്രധാനമന്ത്രി രാജ്യം വിട്ടുവെന്ന് അറിഞ്ഞശേഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പുറത്താക്കലിന് മാസങ്ങള്‍ക്കു മുമ്പേ അദ്ദേഹം കൂറുമാറാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടായിരുന്നുവെന്നും വക്താവ് പറഞ്ഞു. എത്രത്തോളം ക്രൂരമായി സര്‍ക്കാര്‍ പ്രതികരിക്കുന്നുവോ അത്രത്തോളം തിരിച്ചടികള്‍ നേരിടും. പ്രധാനമന്ത്രിയുടെ കൂറുമാറ്റം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം കൂറുമാറിയ ഹിജാബിന് പകരം ഉപപ്രധാനമന്ത്രി ഉമര്‍ ഗലാവന്‍ജിന് താല്‍ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനം നല്‍കി.
അതേസമയം, സിറിയയുടെ തലസ്ഥാനനഗരമായ ദമാസ്‌കസില്‍ ആക്രമണങ്ങള്‍ രൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച ദമാസ്‌കസിന് സമീപമുള്ള ടെലിവിഷന്‍ ചാനല്‍ കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.